Top

'ജനങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും പിന്തുണയുള്ളിടത്തോളം തുടരും'; രാജി വെക്കില്ലെന്ന് മേയര്‍

എല്ലാ നടപടികളും വേഗത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്, വളരെ ഗൗരവമുള്ള വിഷയമാണ് ഇതെന്ന ധാരണയുണ്ടെന്നും ആര്യ രാജേന്ദ്രന്‍

11 Nov 2022 7:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും പിന്തുണയുള്ളിടത്തോളം തുടരും; രാജി വെക്കില്ലെന്ന് മേയര്‍
X

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. രാജി വെക്കില്ലെന്ന് മേയര്‍ വ്യക്തമാക്കി. കൗണ്‍സിലര്‍മാരുടെ പിന്തുണയും ജനങ്ങളുടെ പിന്തുണയും ഉള്ളിടത്തോളം കാലം മേയറായി തുടരുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി.

'പ്രതിഷേധം സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അത് അവരുടെ അവകാശമാണ്. സമരവും പ്രതിഷേധവും അവര്‍ തീരുമാനിച്ച് നടപ്പാക്കുന്നതാണ്. ഓരോ ദിവസം കഴിയുന്തോറും സമരത്തിനെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതിനെ ആ രീതിയില്‍ കാണുന്നു. എനിക്ക് ഒരു പ്രതിസന്ധിയുമില്ല. പക്ഷെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ പ്രതിഷേധം നടത്തരുത്.' പുറത്ത് വന്ന കത്ത് സംബന്ധിച്ച പരാതി വെറുതെ നല്‍കിയതല്ലെന്നും മേയര്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നിലേക്ക് പോകും. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ കാര്യങ്ങളും പരിശോധിക്കണം. കോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. ഹൈക്കോടതി നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നാണ് കോടതി ചോദിച്ചത്. അതൊക്കെ പൊലീസുമായി ബന്ധപ്പെട്ട് അന്വേഷിച്ചു കൊണ്ടുമാത്രം പറയാന്‍ കഴിയുന്ന കാര്യങ്ങളാണ്.

വളരെ പോസിറ്റീവായാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. അന്വഷണം വേഗത്തിലല്ലെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എല്ലാ നടപടികളും വേഗത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. വളരെ ഗൗരവമുള്ള വിഷയമാണ് ഇതെന്ന ധാരണയുണ്ടെന്നും ആര്യ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തിന്റെ 'പെട്ടി' പ്രതിഷേധത്തിനെയും മേയര്‍ വിമര്‍ശിച്ചു. രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി പല എതിര്‍പ്പുകള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് നമ്മള്‍. കട്ട പണവുമായി കോഴിക്കോട്ടേക്ക് പോകൂ എന്ന് ഒരു ജനപ്രതിനിധി ഒരു വനിതാ എംപി തന്നെ പറയുന്നത് ശരിയല്ല. ഉത്തരവാദിത്തപ്പെട്ട ഒരാള്‍ അങ്ങനെ പറയുന്നത് ശരിയല്ല. ആ പെട്ടി ചെറുതായി പോയെന്ന് അവര്‍ തന്നെ പറയുന്നുണ്ട്. ഇന്ന് കോണ്‍ഗ്രസായി കാണുന്നവര്‍ നാളെ ബിജെപിയിലേക്ക് പോകുന്ന സാഹചര്യമുണ്ട്. അവര്‍ അതിന് ഉപയോഗിക്കുന്ന തരത്തിലായിരിക്കും ആ പെട്ടി കൊണ്ടുവന്നതെന്നും മേയര്‍ പരിഹസിച്ചു. കുടുംബത്തെ കൂടി പറഞ്ഞതില്‍ നിയമ നടപടികള്‍ ആലോചിക്കുമെന്നും മേയര്‍ അറിയിച്ചു.

മേയര്‍ ബുദ്ധിയില്ലാത്ത കുട്ടിയാണെന്ന കെ സുധാകരന്റെ പരാമര്‍ശത്തില്‍, സുധാകരന്റെ അത്രയും ബുദ്ധി തനിക്കില്ലെന്നായിരുന്നു ആര്യാ രാജേന്ദ്രന്റെ മറുപടി. 'പല ആക്രമണങ്ങളിലും കേസുകളിലും ഒക്കെ അദ്ദേഹം സ്വീകരിച്ചിട്ടുള്ള സമീപനവും ഗൂഢാലോചനയും വാര്‍ത്തകളിലൂടെയും മറ്റും വളരെ ചെറുപ്പം മുതല്‍ കണ്ടു വളര്‍ന്ന ആളാണ് ഞാന്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ ആത്രയും ബുദ്ധിയുള്ള ആളാണ് ഞാന്‍ എന്ന് ഇതുവരെ തോന്നിയിട്ടില്ല. ഒരു സാധാരണ മനുഷ്യന് ആവശ്യമായ ബുദ്ധി എനിക്കുണ്ട്', മേയര്‍ പറഞ്ഞു.

Story Highlights: Mayor Arya Rajendran's Response On Opposition Protest

Next Story