Top

'അങ്ങനെ ഒരു കത്തിനെ കുറിച്ച് അറിയില്ല'; വിവാദത്തില്‍ പ്രതികരണവുമായി ആര്യ രാജേന്ദ്രന്‍

കത്ത് നല്‍കിയ ദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആര്യ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു

5 Nov 2022 6:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അങ്ങനെ ഒരു കത്തിനെ കുറിച്ച് അറിയില്ല; വിവാദത്തില്‍ പ്രതികരണവുമായി ആര്യ രാജേന്ദ്രന്‍
X

കോഴിക്കോട്: തിരുവനന്തപുരം നഗരസഭയിലെ താല്‍കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വിഷയത്തില്‍ പ്രതികരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. അങ്ങനെ ഒരു കത്തിനെ കുറിച്ച് അറിയില്ലെന്ന് മേയര്‍ പ്രതികരിച്ചു. കത്ത് നല്‍കിയ ദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആര്യ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

'അങ്ങനെ ഒരു കത്തിനെ കുറിച്ച് തനിക്കറിയില്ല. അങ്ങനെ ഒരു കത്ത് ഞാന്‍ നല്‍കിയിട്ടുമില്ല. കത്ത് നല്‍കിയ ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന കാര്യം മനസിലാവുന്നില്ല. കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. കൂടുതല്‍ പ്രതികരണം പിന്നീട്', ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

കത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചത്. അങ്ങനെയൊരു കത്ത് തന്റെ കയ്യില്‍ കിട്ടിയിട്ടില്ല. ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ലെന്നും കത്തിന്റെ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. മേയര്‍ക്ക് അങ്ങനെയൊരു കത്ത് എഴുതാന്‍ സാധിക്കില്ലെന്നും എന്താണ് സംഭവമെന്ന് അറിയില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ പേരിലുള്ള കത്തായിരുന്നു പുറത്തുവന്നത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്. കത്ത് പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് മേയര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

Story Highlights: Mayor Arya Rajendran's Response On Letter Controversy

Next Story