'സഖാവേ, ജോലിയുണ്ട് പാർട്ടി പ്രവർത്തകരുടെ പട്ടികവേണം'; ആനാവൂർ നാഗപ്പന് മേയറുടെ കത്ത്, വിവാദം
ആനാവൂർ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്
5 Nov 2022 3:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ താത്ക്കാലിക ഒഴിവുകളിലേക്ക് പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ചോദിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് പുറത്ത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ അയച്ച കത്ത് വിവാദമായിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവർത്തകരെ നിയമിക്കാൻ മുൻഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ ഔദ്യോഗിക കത്ത്.
ആനാവൂർ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് 'അഭ്യർഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് പരസ്യമായത്. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.
കത്ത് ചോർത്തിയത് ആനാവൂരിനെ എതിർക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. 'ഡൽഹിയിൽനിന്നു വന്നതേയുള്ളൂ. എന്താണു സംഭവമെന്ന് അന്വേഷിക്കട്ടെ. അങ്ങനെയൊരു കത്ത് പോകേണ്ട ആവശ്യമില്ലല്ലോ' എന്നായിരുന്നു സംഭവത്തോടുളള ആര്യ രാജേന്ദ്രന്റെ പ്രതികരണം. അങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്നും പരിശോധിക്കാമെന്നും ആനാവൂർ നാഗപ്പനും പ്രതികരിച്ചു.
STORY HIGHLIGHTS: Mayor Arya Rajendran's letter to Anavoor Nagappan