Top

'വിവാഹം ഉടനില്ല, വീട്ടുകാര്‍ സംസാരിച്ചു, പാര്‍ട്ടി തീരുമാനവും പ്രധാനം'; പ്രതികരിച്ച് ആര്യാ രാജേന്ദ്രന്‍

വിവാഹത്തിന്റെ അന്തിമ തീരുമാനം എടുക്കുന്നതില്‍ കുടുംബം ഒരു പ്രധാന ഘടകമാണ്. അവര്‍ തമ്മിലുള്ള ചര്‍ച്ചയാണ് നടന്നതെന്നും ആര്യ പറഞ്ഞു.

16 Feb 2022 7:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാഹം ഉടനില്ല, വീട്ടുകാര്‍ സംസാരിച്ചു, പാര്‍ട്ടി തീരുമാനവും പ്രധാനം; പ്രതികരിച്ച് ആര്യാ രാജേന്ദ്രന്‍
X

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയായ സച്ചിന്‍ ദേവ് എംഎല്‍എയുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. വിവാഹം സംബന്ധിച്ച് ഇരുവരുടേയും വീട്ടുകാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ആണ് നടക്കുന്നതെന്നും വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നും ആര്യ പറഞ്ഞു. പാര്‍ട്ടിയും കുടുംബവും തന്നെയാണ് പ്രധാനപ്പെട്ടത്. വിവാഹത്തിന്റെ അന്തിമ തീരുമാനം എടുക്കുന്നതില്‍ കുടുംബം ഒരു പ്രധാന ഘടകമാണ്. അവര്‍ തമ്മിലുള്ള ചര്‍ച്ചയാണ് നടന്നതെന്നും ആര്യ പറഞ്ഞു.

തമ്മില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് തന്നെ ഒരു പക്ഷെ എസ്എഫ്‌ഐ എന്ന രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണെന്നും എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്നുവെന്നും ആര്യ പ്രതികരിച്ചു. വിവാഹക്കാര്യം ആദ്യം ഇരുവര്‍ക്കുമിടയില്‍ സംസാരിക്കുകയും പിന്നീട് വീട്ടുകാരോട് സംസാരിക്കുകയുമായിരുന്നു. രണ്ട് പേരും ജനപ്രതിനിധികളായതിനാല്‍ പാര്‍ട്ടിയോട് കൂടി കാര്യം ചര്‍ച്ചചെയ്യേണ്ടിയിരുന്നു. വീട്ടുകാരും പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്ക വിവാഹം. തിയ്യതി തീരുമാനിച്ചിട്ടില്ല. പഠനം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ കാര്യം ഉണ്ടെന്നും ആര്യ ഗൗരവത്തോടെ പ്രതികരിച്ചു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ചാണ് സച്ചിന്‍ നിയമസഭയിലേക്കെത്തുന്നത്. ഒരു കോര്‍പ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 21ാം വയസ്സില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നാണ് കൗണ്‍സിലറായി വിജയിച്ചത്.

STORY HIGHLIGHTS:mayor arya rajendran reaction over marriage with sachin dev mla

Next Story