Top

'പ്രചരണം വ്യാജം, ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവ് ഇല്ല'; നിയമനടപടിക്കൊരുങ്ങി മേയര്‍

പുറത്ത് വന്ന കത്ത് വിവാദമായതോടെ ഇത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് മേയര്‍ അറിയിച്ചിരുന്നു

5 Nov 2022 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രചരണം വ്യാജം, ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവ് ഇല്ല; നിയമനടപടിക്കൊരുങ്ങി മേയര്‍
X

തിരുവനന്തപുരം: നഗരസഭാ ആരോഗ്യ വിഭാഗത്തിലെ താത്ക്കാലിക തസ്തികകളിലേക്ക് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുള്ള കത്ത് വ്യാജമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വ്യാജമാണെന്നാണ് ആര്യാ രാജേന്ദ്രന്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും മേയര്‍ അറിയിച്ചു.

'നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. ഇത്തരം ശ്രമങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നു. ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടതോടെഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു.' എന്നും പത്രക്കുറിപ്പിലൂടെ മേയര്‍ വ്യക്തമാക്കി.

മേയറുടെ പ്രതികരണം

"തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ല. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ല.മേയർ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്.

വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്.ഇത്തരത്തിൽ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാൻ ചിലർ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു.ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവർ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നത്. മാത്രവുമല്ല ഇങ്ങിനൊരു ആക്ഷേപം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു."

പുറത്ത് വന്ന കത്ത് വിവാദമായതോടെ ഇത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് മേയര്‍ അറിയിച്ചിരുന്നു. കത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചത്. അങ്ങനെയൊരു കത്ത് തന്റെ കയ്യില്‍ കിട്ടിയിട്ടില്ല. ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ലെന്നും കത്തിന്റെ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. മേയര്‍ക്ക് അങ്ങനെയൊരു കത്ത് എഴുതാന്‍ സാധിക്കില്ലെന്നും എന്താണ് സംഭവമെന്ന് അറിയില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു.

നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ പേരിലുള്ള കത്തായിരുന്നു പുറത്തുവന്നത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്. കത്ത് പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് മേയര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

STORY HIGHLIGHTS: letter controversy mayor arya rajendran to move legally

Next Story

Popular Stories