'സ്ലാബുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തും'; ഓടകൾ പരിശോധിക്കാൻ നിർദേശം നൽകി മേയർ ആര്യ രാജേന്ദ്രൻ
കൊച്ചി പനമ്പിളളിയിലെ അപകടമുണ്ടായ ഓടയുടെ ഭാഗത്ത് കമ്പിവേലി കെട്ടുന്ന ജോലികൾ പുരോഗമിക്കുകയാണ്
19 Nov 2022 10:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കൊച്ചിയിൽ ഓടയിൽ വീണ് മൂന്ന് വയസുകാരന് പരുക്കേറ്റ സംഭവത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ഓടകൾ പരിശോധിക്കാൻ നിർദേശം നൽകി മേയർ ആര്യ രാജേന്ദ്രൻ. സ്ലാബുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തണം. ബലക്ഷയമുണ്ടെങ്കിൽ പരിഹരിക്കാനുളള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും നഗരസഭാ സെക്രട്ടറിക്ക് മേയർ നിർദേശം നൽകി.
അതേസമയം, കൊച്ചി പനമ്പിളളിയിലെ അപകടമുണ്ടായ ഓടയുടെ ഭാഗത്ത് കമ്പിവേലി കെട്ടുന്ന ജോലികൾ പുരോഗമിക്കുകയാണ്. രണ്ടാഴ്ച്ചക്കകം ഓടകൾ അടയ്ക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കാനകൾക്കും ഓടകൾക്കും സ്ലാബിടുന്ന പ്രവൃത്തികൾക്കുളള എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കുമെന്ന് കോർപറേഷൻ എൻജിനീയറിങ് വിഭാഗം അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ കുട്ടിക്ക് രക്തത്തിൽ അണുബാധയുളളതിനാൽ ആശുപത്രിയിൽ തുടരുകയാണ്.
ബാരിക്കേഡ് വച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. രണ്ടാഴ്ചക്കുളളില്‍ ഓടകള്‍ അടയ്ക്കണം. സ്ലാബിടാന്‍ പറ്റുന്നിടത്ത് സ്ലാബിടണം. പേരിനു വേണ്ടിയാകരുത് നടപടി. നടപ്പാതകളുടേയും ഓടകളുടേയും കാര്യത്തില്‍ കോര്പറേഷന് വീഴ്ചയുണ്ടായെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടറുടെ മേല്‍നോട്ടം എല്ലാത്തിലും വേണമെന്നും കോടതി നിര്‍ദേശിച്ചു.
വ്യാഴാഴ്ച വൈകിട്ട് ആണ് പനമ്പിള്ളി നഗറില്‍ മൂന്ന് വയസുകാരനായ കുട്ടി തുറന്നിട്ടിരുന്ന കാനയിലേക്ക് കാല് വഴുതി വീണത്. മെട്രോയില്‍ ഇറങ്ങി അമ്മയ്ക്കൊപ്പം നടന്നുവരുന്നതിനിടെയായിരുന്നു സംഭവം. കാനയില്‍ വീണ കുട്ടി അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്.
STORY HIGHLIGHTS: Mayor Arya Rajendran instructed to check the drains in corporation