'അങ്ങനെയൊരു ഓഫീസ് അവിടെയുണ്ടോ? നാട്ടുകാര്‍ക്ക് പോലും അറിയില്ല'; 'എബിവിപി ഓഫീസാക്രമണ'ത്തെക്കുറിച്ച് ആര്യാ രാജേന്ദ്രന്
വനിതാ കൗണ്‍സിലറെ പരസ്യമായാണ് എബിവിപി പ്രവര്‍ത്തര്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ആര്യ .
27 Aug 2022 11:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വഞ്ചിയൂരില്‍ ബിജെപി പറയുന്നത് പോലൊരു എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ക്ക് പോലും അറിയില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്. എബിവിപി ഓഫീസ് പ്രവര്‍ത്തിക്കുന്നതായി ഒരു ബോര്‍ഡ് പോലും കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടില്ലെന്നും നഗരസഭയുടെ രജിസ്റ്ററില്‍ അതിനെ ഓഫീസായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും ആര്യ ചോദിച്ചു. ഇതേ കെട്ടിടത്തില്‍ നിന്ന് മുന്‍പ് മാരകായുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞിട്ടുണ്ടെന്നും ആര്യ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ആര്യാ രാജേന്ദ്രന് പറഞ്ഞത്: ''എന്തിനാണ് എല്‍ഡിഎഫ് പരിപാടി നടക്കുമ്പോള്‍ ജനപ്രതിനിധിയെ കാണാന്‍ എബിവിപി പ്രവര്‍ത്തകര്‍ അതിന്റെ ഇടയിലേക്ക് പോകുന്നത്. ബിജെപിയുടെ ഒരു മന്ത്രി രാഷ്ട്രീയപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ആരെങ്കിലും ആ വേദിയിലേക്ക് പോയി അപേക്ഷ കൊടുത്ത ചരിത്രമുണ്ടോ.''
''വഞ്ചിയൂരില്‍ പ്രശ്നമുണ്ടായപ്പോള്‍ എബിവിപി ഓഫീസിലേക്ക് തള്ളി കയറിയെന്നാണ് പറയുന്നത്. അങ്ങനെയൊരു ഓഫീസ് അവിടെയുണ്ടോ. ഒരു ബോര്‍ഡ് എങ്കിലും അവിടെയുണ്ടോ. അങ്ങനെയൊരു ഓഫീസ് അവിടെ പ്രവര്‍ത്തിക്കുന്നതായി പ്രദേശവാസികള്‍ക്ക് പോലും അറിയില്ല. നഗരസഭയുടെ രജിസ്റ്ററില്‍ അതിനെ ഓഫീസായി രേഖപ്പെടുത്തിയിട്ടുണ്ടോ. അതൊരു ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടമാണെന്ന് ബിജെപിക്ക് സ്ഥാപിക്കാന്‍ പറ്റുമോ. ഓഫീസെന്ന് പറയുമ്പോള്‍ അതിന് ബോര്‍ഡ് ഉണ്ടാകും. ആളുകള്‍ക്ക് അറിയാന്‍ വേണ്ടിയാണത്. മാരകായുധങ്ങള്‍ വരെ ഈ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു കെട്ടിടം എബിവിപി ഓഫീസാണെന്ന് സ്ഥാപിച്ചാല്‍ പലതും പറയേണ്ടിവരും.''
വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിനെ ആക്രമിച്ച സംഭവം നിസാര കാര്യം പോലെയാണ് ബിജെപി നേതാവ് എസ് സുരേഷ് പറയുന്നതെന്നും ആര്യ പറഞ്ഞു. ഒരു വനിതാ കൗണ്‍സിലറെ പരസ്യമായാണ് എബിവിപി പ്രവര്‍ത്തര്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ആര്യ വ്യക്തമാക്കി.
തിരുവനന്തപുരം സിപിഐഎമ്മിലെ പ്രശ്നങ്ങളാണ് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നിലെന്ന സുരേഷിന്റെ വാദവും ആര്യ തള്ളി. ബിജെപിയിലുള്ള അത്ര പ്രശ്നങ്ങളൊന്നും സിപിഐഎമ്മില്‍ ഇല്ലെന്ന് എസ് സുരേഷ് മനസിലാക്കണം. സ്വന്തം പാര്‍ട്ടിയെ തിരുത്തിയ ശേഷം സിപിഐഎമ്മിനെ തിരുത്താന്‍ വരുന്നതാണ് നല്ലതെന്നും ആര്യ പറഞ്ഞു.
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമം സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് - ബിജെപി ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് ജാഥയിലേക്ക് കടന്നുകയറി അക്രമം നടത്താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമം നടത്തിയിരുന്നു. രാത്രിയില്‍ തിരുവനന്തപുരം നെട്ടയത്ത് സിഐടിയു സ്ഥാപിച്ചിരുന്ന വിശ്രമകേന്ദ്രവും അടിച്ചു തകര്‍ത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പാര്‍ടി പാലക്കാട് മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ സംഭവ വികാസങ്ങള്‍ എല്ലാം സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തിവരുന്നത് എന്നാണെന്ന് കോടിയേരി ചൂണ്ടിക്കാണിച്ചു.
അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള തന്ത്രങ്ങളില്‍ ഏതൊരു കാരണവശാലും പാര്‍ടി പ്രവര്‍ത്തകരോ അനുഭാവികളോ കുടുങ്ങരുത്. ആര്‍എസ്എസിന്റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കാകണം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം ക്രിമിനലുകളെ ഉപയോഗിച്ച് തകര്‍ക്കുന്നതിനായി നടത്തുന്ന ഇത്തരം പരിശ്രമങ്ങളെ എതിര്‍ക്കുവാന്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ബിജെപി അക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
''രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനത്ത് അത് തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്റേയും, യുഡിഎഫിന്റേയും നേതൃത്വത്തില്‍ നടന്നുവരികയാണ്. സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളും ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലുണ്ട്. തിരുവനന്തപുരത്തെ വികസന പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ബിജെപി - യുഡിഎഫ് രാഷ്ട്രീയം തുറന്നുകാട്ടി മുന്നേറുന്ന എല്‍ഡിഎഫ് ജാഥക്ക് നേരെ കഴിഞ്ഞ ദിവസമാണ് അക്രമണം ഉണ്ടായത്.'' അതിന്റെ തുടര്‍ച്ചയായാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുള്ള അക്രമം. അക്രമകാരികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് സിപിഐഎം വ്യക്തമാക്കി.
- TAGS:
- Arya Rajendran
- RSS
- BJP
- CPIM
- ABVP