Top

'പരിഗണിക്കാം'; ലോകായുക്ത ബില്‍ പരാതിയില്‍ സിപിഐയോട് മുഖ്യമന്ത്രി

ലോകായുക്ത ഉത്തരവുകള്‍ പരിശോധിക്കാന്‍ സ്വതന്ത്ര സമിതിയെ നിശ്ചയിക്കണം എന്നാണ് സിപിഐയുടെ ആവശ്യം

21 Aug 2022 4:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരിഗണിക്കാം; ലോകായുക്ത ബില്‍ പരാതിയില്‍ സിപിഐയോട് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ അതൃപ്തി പ്രകടിപ്പിച്ച സിപിഐ നേതൃത്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ബുധനാഴ്ച ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഇരിക്കെയാണ് മുഖ്യമന്ത്രിയുടെ അനുനയനീക്കം. എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, നിയമ മന്ത്രി പി രാജീവ്, എ വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

ലോകായുക്ത ഉത്തരവുകള്‍ പരിശോധിക്കാന്‍ സ്വതന്ത്ര സമിതിയെ നിശ്ചയിക്കണം എന്നാണ് സിപിഐയുടെ ആവശ്യം. സിപിഐ ഉന്നയിച്ച പരാതികള്‍ പരിഗണിക്കാം എന്ന് മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയതായാണ് സൂചന. നേരത്തെ മന്ത്രിസഭാ യോഗത്തില്‍ കരട് ബില്ല് അവതരിപ്പിച്ചപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

തിങ്കളാഴ്ച്ച സഭ ആരംഭിച്ചതിനു ശേഷം മൂന്നാം ദിവസം ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ലോകായുക്തയുടെ വിധി പുഃനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി. മന്ത്രിമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയിലെ അഴിമതി തടയാനുള്ള അധികാരം ഗവര്‍ണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപിതമാക്കുന്നതാണ് ബില്‍.

സര്‍ക്കാര്‍ സമര്‍പ്പിച്ച ഏഴ് ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്ന സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനം. ബുധനാഴ്ച്ച ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷവും ബില്ലിനെ എതിര്‍ക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

Story highlights:'may consider'; Chief Minister to CPI on Lokayukta bill complaint



Next Story