Top

പരമാവധി 1500 പേര്‍; മതപരമായ ഉത്സവങ്ങള്‍ക്കും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്‍ വര്‍ഷത്തേപ്പോലെ റോഡുകളില്‍ പൊങ്കാല അനുവദിക്കില്ല.

11 Feb 2022 2:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരമാവധി 1500 പേര്‍; മതപരമായ ഉത്സവങ്ങള്‍ക്കും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
X

കൊവിഡ് മൂന്നാം തരംഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഉത്സവങ്ങള്‍ ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം ഉണ്ടാവുന്ന ചടങ്ങുകള്‍ക്കുമാണ് ഇളവുകള്‍ ലഭിക്കുക.

ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുളള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാനാവും. ഓരോ ഉത്സവത്തിനും പൊതുസ്ഥലത്തിന്റെ വിസ്തീര്‍ണ്ണമനുസരിച്ച് ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയ്ക്ക് ജില്ലാകളക്ടര്‍മാര്‍ ആളുകളുടെ എണ്ണം നിശ്ചയിക്കേണ്ടതാണ്. എന്നാല്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്‍ വര്‍ഷത്തേപ്പോലെ റോഡുകളില്‍ പൊങ്കാല അനുവദിക്കില്ല.വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുണം. റോഡുകളില്‍ പൊങ്കാല അനുവദിക്കുന്നതല്ല.

അതേസമയം, ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുളളില്‍ എടുത്ത RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ കൊവിഡ് പോസിറ്റീവ് ആയതിന്റെ രേഖകള്‍ കരുതണം. 18 വയസ്സിനു മുകളിലുളളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. രോഗലക്ഷണങ്ങളില്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാഗങ്ങളോടൊപ്പം പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് മുഴുവന്‍ സമയവും ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്.

ആളുകള്‍ നിലയുറപ്പിക്കുന്ന പന്തലുകളില്‍ ആഹാരസാധനങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല. പൊതുപരിപാടികളുടെ സംഘാടകര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് എന്നും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങല്‍ പറയുന്നു.

Next Story