Top

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്, ഉച്ചയോടെ ഫലമറിയും

രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

21 Aug 2022 10:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്, ഉച്ചയോടെ ഫലമറിയും
X

കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ പത്തു മണിക്ക് മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് വോട്ടെണ്ണൽ. രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 84.61 ശതമാനമെന്ന റെക്കോർഡ് പോളിങ്ങാണ് മട്ടന്നൂരിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പകളിലും 83 ശതമാനമായിരുന്നു പോളിങ്ങ്.

പോളിങ്ങ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും. നാല് ബൂത്തുകളിൽ മാത്രം 90 ശതമാനത്തിനു മുകളിലാണു പോളിങ്. കടുത്ത ത്രികോണ മത്സരങ്ങൾ നടന്ന വാർഡുകളുമുണ്ട്. ഇടതു പക്ഷത്തിൻ്റെ കോട്ടയാണെങ്കിലും ആറോളം വാർഡുകളിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞ തവണ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഇത് യുഡിഎഫിന് കനത്ത വെല്ലുവിളിയാണ്.

2012 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 20 ഉം യുഡിഎഫ് 14 സീറ്റുകളിലുമാണ് വിജയിച്ചത്. 2017 ൽ യുഡിഎഫിന്റെ എട്ട് സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫ് 28 വാർഡുകളിൽ വിജയം നേടിയിരുന്നു.

കഴിഞ്ഞ തവണ കൈവിട്ട സീറ്റുകൾ ഉൾപ്പെടെ തിരിച്ചു പിടിച്ച് ഭരണം നേടുമെന്നാണ് യുഡിഎഫിന്റെ അവകാശ വാദം. ഭൂരിപക്ഷം വർദ്ധിപ്പിച്ച് ചരിത്ര വിജയം നേടുമെന്ന് എൽഡിഎഫും പറയുന്നു. മൂന്ന് റൗണ്ടുകളിലായി വോട്ടെണ്ണൽ പൂർത്തിയാകും. ഉച്ചയോടെ ഫലം പൂർണമായും അറിയാം.

STORY HIGHLIGHTS: Mattannur municipal elections Counting of votes today

Next Story