'യുഡിഎഫിന്റെ മിന്നും പ്രകടനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്'; മട്ടന്നൂര്‍ വിജയത്തില്‍ കെ സുധാകരന്
ഇടതു മുന്നണിയുടെ ഏഴ് വാര്‍ഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്
22 Aug 2022 7:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ യുഡിഎഫ് മുന്നേറ്റം 'അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ' മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്. സിപിഐഎം ചെങ്കോട്ടയെന്ന് അവകാശപ്പെടുന്ന മട്ടന്നൂരിന്റെ മാറുന്ന രാഷ്ട്രീയമാണ് ഫലത്തില്‍ പ്രതിഫലിച്ചതെന്ന് സുധാകരന് പറഞ്ഞു. 35 വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 21 സീറ്റിലും യുഡിഎഫ് 14 സീറ്റിലുമാണ് വിജയിച്ചത്. ഇടതു മുന്നണിയുടെ ഏഴ് വാര്‍ഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. മട്ടന്നൂരിലെ യുഡിഎഫ് മുന്നേറ്റത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് കെ സുധാകരന് അഭിപ്രായപ്പെട്ടു.
'കേരളത്തെ ഇന്ത്യയുടെ ''കൊവിഡ് ഹബ്ബ് ' ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മട്ടന്നൂരിലെ യുഡിഎഫിന്റെ മിന്നുന്ന പ്രകടനത്തില്‍ പിണറായിയുടെ ധാര്‍ഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കൂടി പങ്കുണ്ട്. ഇരുള് നിറഞ്ഞ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നു.' ഫേസ്ബുക്കിലൂടെയാണ് കെ സുധാകരന്റെ പ്രതികരണം.
കീച്ചേരി, കല്ലൂര്‍, മുണ്ടയോട്, പെരുവയല്‍ക്കരി, കായലൂര്‍, കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, ദേവര്‍ക്കാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയര്‍പോര്‍ട്ട്, ഉത്തിയൂര്‍, നാലാങ്കേരി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. മണ്ണൂര്‍, പൊറോറ, ഏളന്നൂര്‍, ആണിക്കരി, കളറോഡ്, ബേരം, പെരിഞ്ചേരി, ഇല്ലംഭാഗം, മട്ടന്നൂര്‍, ടൗണ്‍, മരുതായി, മേറ്റടി, മിനിനഗര്‍, പാലോട്ടുപള്ളി എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 28 സീറ്റും യുഡിഎഫിന് ഏഴും സീറ്റുകളാണ് ഉണ്ടായിരുന്നത്. 1997ല്‍ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. നിലവിലെ നഗരസഭ കൗണ്‍സിലിന്റെ കാലാവധി സെപ്തംബര്‍ 10ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ 11ന് നടക്കും.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
കൈയ്യും മെയ്യും മറന്ന് പൊരുതി മട്ടന്നൂരിൽ സീറ്റ് ഇരട്ടിയാക്കി വർദ്ധിപ്പിച്ച എൻ്റെ പ്രിയപ്പെട്ട UDF പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.
കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് CPM അവകാശപ്പെടുന്ന മട്ടന്നൂരിൽ കണ്ടത്. ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിൻ്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നു.
ഭരണം നിലനിർത്താൻ CPM ന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരിൽ നിന്നും UDF പിടിച്ചെടുത്ത 7 സീറ്റുകൾ.
കേരളത്തെ ഇന്ത്യയുടെ ''കോവിഡ് ഹബ്ബ് " ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച മട്ടന്നൂരിലെ UDF ൻ്റെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത CPM പ്രവർത്തകർക്ക് കൂടി പങ്കുണ്ട്. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം UDF ന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.
- TAGS:
- Mattannur
- K Sudhakaran
- UDF
- CPIM