Top

'ഇത് കള്ളമാണെന്ന് പറയുമോ?'; വീണയുടെ കമ്പനി വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയുമായി മാത്യു കുഴൽനാടൻ

29 Jun 2022 7:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത് കള്ളമാണെന്ന് പറയുമോ?; വീണയുടെ കമ്പനി വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയുമായി മാത്യു കുഴൽനാടൻ
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി മാത്യു കുഴൽനാടൻ എംഎൽഎ. പറഞ്ഞത് അസംബന്ധവും കള്ളവുമാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്നും മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വീണയുടെ ഐടി കമ്പനിയായ എക്സാ ലോജിക്കിന്റെ വെബ്സൈറ്റിലെ എഡിറ്റ് ഹിസ്റ്ററിയും എംഎൽഎ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിലെ ഡയറക്ടരായിരുന്ന ജെയ്ക് ബാലകുമാർ കമ്പനിയുടെ മെന്ററാണെന്ന് വെബ്സൈറ്റിൽ കുറിച്ചിട്ടുണ്ട്. എന്നാൽ 2020 ലെ വിവാദങ്ങൾക്ക് പിന്നാലെ ഈ പേര് നീക്കം ചെയ്തതായി മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.

മാത്യു കുഴൽനാടൻ പറഞ്ഞത്,

ഞാന്‍ ആദ്യമായാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ സംസാരിക്കുന്നത്. എംഎല്‍എ ആവുന്നതിന് മുമ്പും ശേഷവും നിരവധി വട്ടം മുഖ്യമന്ത്രിയുമായി സംസാരിക്കാനും ഇടപെടാനും അവസരമുണ്ടായിട്ടുണ്ട്. ഇന്നു വരെ ആദരവോടെയും ബഹുമാനത്തോടെയും മാത്രമേ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളൂ. പക്ഷെ ഇന്നലെ അടിയന്തര പ്രമേയതത്തില്‍ മറുപടി പറയുന്ന സമയത്ത് മുഖ്യമന്ത്രി നടത്തിയ പ്രതികരണം ഒരു മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതാണോയെന്ന് ജനം വിലയിരുത്തട്ടെ. ശൈലി കൊണ്ട് നമ്മളെ പിന്തിരിപ്പാക്കാമെന്നോ വിരട്ടാമെന്നോ അദ്ദേഹം ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. എന്നെ ആ ഗണത്തില്‍പ്പെടുത്തേണ്ട എന്ന് വിനയത്തോടെ പറയുന്നു.

ഞാന്‍ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് എനിക്ക് ഉത്തമ ബോധ്യമുണ്ട്. വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കരുത് എന്ത് അസംബന്ധവും പറയരുത് തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ പറഞ്ഞത് അസംബന്ധമാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സ്വപ്‌ന സുരേഷിന് സര്‍ക്കാരുമായി ബന്ധപ്പെട്ട് നിയമനം നടത്തിയത് പിഡബ്ല്യുസി എന്ന് പറയുന്ന കണ്‍സല്‍ട്ടന്‍സി കമ്പനിയാണ്. അത് നിഷേധിക്കാന്‍ പറ്റുമോ.

സാമ്പത്തിക ശക്തികള്‍ക്കെതിരെയും കണ്‍സല്‍ട്ടന്‍സികള്‍ക്കെതിരെയും നിരന്തരം പൊളിറ്റിക്കല്‍ പൊസിഷന്‍ എടുത്തിരുന്ന സിപിഐഎം പക്ഷെ അധികാരത്തിലേറിയ ശേഷം നിരവധി കരാറുകള്‍ കണ്‍സല്‍ട്ടന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ ബഹുഭൂരിപക്ഷം വര്‍ക്കുകളും വേണ്ടത്ര സുതാര്യതയില്ലാതെ പിഡബ്ല്യസിക്ക് കിട്ടിയപ്പോള്‍ ഇത് സംബന്ധിച്ച് 2020 മെയ് മാസത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെക്കുറിച്ച് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വീണ വിജയന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടോ സ്വകാര്യതയുമായി ബന്ധപ്പെട്ടോ ഒരു പരാമര്‍ശവും ഞാന്‍ നടത്തിയിട്ടില്ല. പക്ഷെ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെതിരെ വലിയ ആരോപണമുയര്‍ന്നപ്പോള്‍ വീണ വിജയന്‍ നടത്തുന്ന എക്‌സാലോജിക് ഐടി കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിലൊന്നായി അവര്‍ തന്നെ പ്രഖ്യാപിച്ചയാളാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിലെ ഡയറക്ടര്‍മാരിലൊരാളായ ജെയ്ക് ബാലകുമാര്‍ എന്ന വ്യക്തി.

ജെയ്ക് ബാലകുമാര്‍ തങ്ങളുടെ മെന്ററാണെന്ന് വീണ വിജയന്റെ കമ്പനി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെതിരെ ആരോപണം വന്നപ്പോള്‍ 2020 മെയ് മാസത്തില്‍ വെബ്‌സൈറ്റ് ഡൗണ്‍ ആയി. ഏകദേശം ഒരു മാസക്കാലം ഈ വെബ്‌സൈറ്റ് ആര്‍ക്കും കാണാന്‍ പറ്റിയില്ല. പിന്നീട് ആ വെബ്‌സൈറ്റ് അപ്പ് ആവുന്നത് ജൂണ്‍ 20 നാണ്.

മെയ് 20 ന് ആ വെബ്‌സൈറ്റിലുണ്ടായിരുന്ന പല വിവരങ്ങളും അതില്‍ കാണാനില്ലായിരുന്നു. ജെയ്ക്ക് ബാലകുമാറിന്റെ പേര് എന്ത് കൊണ്ടാണ് മാറ്റേണ്ടി വന്നത്. ഈ വെബ്‌സൈറ്റ് തുടങ്ങിയ ശേഷം 107 തവണയാണ് അപ്‌ഡേഷന്‍ നടത്തിയത്. വീണ വിജയനാണ് കമ്പനിയുടെ ഡയറക്ടറും ഫൗണ്ടറും. ഫൗണ്ടറെ ഉപദേശിക്കുകയും നയിക്കുകയും ചെയ്തത് ജെയ്ക്ക് ബാലകുമാറാണെന്നായിരുന്നു വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്. ഇത് പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

Story Highlight: Mathew kuzhalnadan shows his evidence in allegation against Veena Vijayan

Next Story