Top

'തൃക്കാക്കര വിജയം കോണ്‍ഗ്രസുകാരെ മടിയന്‍മാരാക്കുമോ'; ഭയമുണ്ടെന്ന് ഉദാഹരണങ്ങള്‍ സഹിതം മാത്യു കുഴല്‍നാടന്‍

''പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വലിയ വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പ് കൈവിടാന്‍ കാരണമായത്.''

3 Jun 2022 4:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കര വിജയം കോണ്‍ഗ്രസുകാരെ മടിയന്‍മാരാക്കുമോ; ഭയമുണ്ടെന്ന് ഉദാഹരണങ്ങള്‍ സഹിതം മാത്യു കുഴല്‍നാടന്‍
X

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസുകാരെ മടിയന്‍മാരാക്കുമോയെന്ന ഭയം തനിക്കുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇത് അഹങ്കരിക്കാനുള്ള സമയമല്ല, മറിച്ച് ആത്മപരിശോധനയ്ക്കും സ്വയം വിലയിരുത്താനുമുള്ള അവസരമാണെന്നും മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു. ഇതുപോലൊരു വിജയം സാധ്യമാണെങ്കില്‍, കേരളം കോണ്‍ഗ്രസിന് അനായാസമായി പിടിക്കാമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

മാത്യു കുഴല്‍നാടന്റെ വാക്കുകള്‍: തൃക്കാക്കര നല്‍കുന്ന പാഠങ്ങള്‍.. അഭിമാനവും അതിലേറെ ആത്മവിശ്വാസവും പകരുന്ന വിജയം. ഒരു യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ നേടിയ അനായാസ വിജയം എന്നതിനപ്പുറത്തേക്ക് സര്‍വ്വ ശേഷിയും എടുത്ത് പ്രയോഗിച്ച എല്‍ഡിഎഫിനു മേല്‍ നമ്മള്‍ നേടിയ ആധികാരിക വിജയം ആണ് തൃക്കാക്കര.

മുഖ്യമന്ത്രി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെ, ഇടത് സാംസ്‌കാരിക സഹയാത്രികര്‍ മുതല്‍ ഇടത് മാധ്യമ സിന്‍ഡിക്കേറ്റ് വരെയുള്ള സര്‍വ്വശക്തിയും എല്‍ഡിഎഫ് പ്രയോഗിച്ചെങ്കിലും മിന്നുന്ന വിജയം നമ്മള്‍ക്ക് നേടാന്‍ ആയി. ഇത് അഹങ്കരിക്കാന്‍ ഉള്ള സമയം അല്ല മറിച്ച് ആത്മപരിശോധനയ്ക്കും സ്വയം വിലയിരുത്താനുമുള്ള ഒരു അവസരമാണ്.

കോണ്‍ഗ്രസ് ജനങ്ങളെ എത്ര വെറുപ്പിച്ചാലും, ജനങ്ങള്‍ കോണ്‍ഗ്രസിനെ എന്തുമാത്രം സ്‌നേഹിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. കോണ്‍ഗ്രസില്‍ നിന്നും അത്ഭുതങ്ങളൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ നമ്മള്‍ ഐക്യത്തോടും അച്ചടക്കത്തോടും പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. പരസ്പരം കലഹിക്കാതെ വെച്ച് താമസിപ്പിക്കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നമുക്ക് പാസ്സ് മാര്‍ക്ക് കിട്ടിയതാണ്.

പിന്നെ സ്ഥാനാര്‍ത്ഥിയുടെ മികവ് തെരഞ്ഞെടുപ്പില്‍ നമുക്ക് വലിയ നേട്ടമായി പോരാത്തതിന് വി.ഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ കീഴില്‍ ഐക്യത്തോടെ യു ഡി എഫ് പ്രവര്‍ത്തകര്‍ അണിനിരന്നത് താഴെ തട്ടില്‍ സംഘടനാ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നു. നിയമസഭ രണ്ടാം വട്ടം തോറ്റ നിരാശയിലായിരുന്ന നമ്മുടെ പ്രവര്‍ത്തകര്‍ ഇത് അഭിമാന പോരാട്ടമായി കണ്ടു. ആ വീറും വാശിയും എല്ലാതലത്തിലും പ്രകടമായിരുന്നു.

എന്നിരുന്നാലും, എന്റെ വ്യക്തിപരമായ വിലയിരുത്തലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ശേഷിയുടെ 55-60 ശതമാനത്തില്‍ മാത്രമേ എത്തിയിട്ടുള്ളൂ ( സാധാരണഗതിയില്‍ ഇത് 35-40 ശതമാനമാണ് ഉണ്ടാകാറ് ). ഇത്രയും കൊണ്ട് ഇതുപോലൊരു വിജയം സാധ്യമാണെങ്കില്‍, കേരളം കോണ്‍ഗ്രസിന് അനായാസമായി പിടിക്കാം. വേണ്ടത്, ഐക്യവും, അച്ചടക്കവും വിട്ടുവീഴ്ചയില്ലാത്ത സംഘടനാ പ്രവര്‍ത്തനവുമാണ്.

ഇനി എന്നെ ഭയപ്പെടുത്തുന്ന കാര്യം, ഈ വിജയം കോണ്‍ഗ്രസിനെ അലസരും മടിയന്മാരും, തന്‍പ്രമാണിത്തവാദികളും ആക്കുമോ എന്നതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വലിയ വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പ് കൈവിടാന്‍ കാരണമായത് എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. തെറ്റ് നമ്മള്‍ക്ക് ആവര്‍ത്തിക്കാതിരിക്കാം..

വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് വിനയത്തോടെ നന്ദി പറഞ്ഞ് കൂടുതല്‍ കര്‍മ്മോത്സുകരായി മുന്നോട്ടു നീങ്ങാം..പ്രിയപ്പെട്ട ഉമ്മ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങള്‍.. ഈ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഹൃദയാഭിവാദ്യങ്ങള്‍..വാഴക്കാല സെന്‍ട്രല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഉള്ള നന്ദി വാക്കുകളില്‍ ഒതുക്കുന്നില്ല.. ഒരു മീറ്റിംഗ് കൂടി ഞാന്‍ വിളിക്കും.. ഇനി ആഘോഷത്തിനായി നമുക്ക് ഒത്തു ചേരാം..എല്ലാവര്‍ക്കും നന്ദി..


Next Story