'അതെന്റെ അല്ല, നിങ്ങള്‍ ഏതാ ഓപ്പണ്‍ ചെയ്തതെന്ന് ആര്‍ക്കറിയാം'; 'അലൂമിനിയം കച്ചവട' ട്രോളില്‍ കുഴല്നാടന്
ആ കമ്പനിയുമായി കുഴല്‍നാടനോ കുടുംബത്തിനോ ബന്ധമുണ്ടെന്ന് ഉന്നയിച്ചാല്‍ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിനാണ് മറുപടി.
29 Jun 2022 10:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന വെബ് സൈറ്റ് ലിങ്ക് തന്റേതല്ലെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. കുഴല്‍നാടന്റെ പേജില്‍ നല്‍കിയിരിക്കുന്ന വെബ്സൈറ്റിന്റെ പേരില്‍ 'അലൂമിനിയം പരിഹാസ'ങ്ങളുമായി സൈബര്‍ സിപിഐഎം രംഗത്തെത്തിയതോടെയാണ് എംഎല്‍എയുടെ വിശദീകരണം.
''നിങ്ങള്‍ ഓപ്പണ്‍ ചെയ്തത് ഞാനുമായി ബന്ധപ്പെട്ട എന്റെ വെബ്സൈറ്റ് അല്ല. അതെന്റെ മിസ്ടേക്കാണ്. എന്റെ വെബ്സൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മറ്റ് വെബ്സൈറ്റാണ് തുറക്കുന്നതെങ്കില്‍ അത് അല്ലേ പറയാന്‍ സാധിക്കൂ. സൈറ്റ് തെറ്റാണ്. എന്റെ ശരിയായ വെബ്സൈറ്റിന്റെ ലിങ്ക് ഞാന്‍ അയച്ച് തരാം. അവര്‍ ഏത് വെബ്സൈറ്റാണ് ഓപ്പണ്‍ ചെയ്തതെന്ന് ആര്‍ക്കറിയാം. ഇതൊക്കെ എന്ത് കാര്യം.''-റിപ്പോര്‍ട്ടര്‍ ടിവി മൂന്ന് മണി ചര്‍ച്ചയിലാണ് കുഴല്നാടന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മാത്യു കുഴല്‍നാടന്റെ പേജില്‍ നല്‍കിയിരിക്കുന്ന വെബ്സൈറ്റില്‍ ചൈനീസ് കമ്പനിയുടെ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനിയുമായി കുഴല്‍നാടനോ കുടുംബത്തിനോ ബന്ധമുണ്ടെന്ന് ഉന്നയിച്ചാല്‍ എങ്ങനെ പ്രതികരിക്കുമെന്ന അരുണ്‍കുമാറിന്റെ ചോദ്യത്തിനായിരുന്ന കുഴല്‍നാടന്റെ വിശദീകരണം.
'കുഴല്‍നാടന്റെ വെബ്സൈറ്റില്‍ ടണ്‍ കണക്കിന് അലൂമിനിയം കച്ചവടം'
മാത്യു കുഴല്‍നാടന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രേഖപ്പെടുത്തിയ വെബ് സൈറ്റിന്റെ പേരില്‍ ട്രോളുകളുമായി സൈബര്‍ സിപിഐഎം. കുഴല്നാടന് അലൂമിനിയം കച്ചവടം ആരംഭിച്ചോയെന്നാണ് mathewkuzhalnadan.com എന്ന വെബ്സൈറ്റിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് സൈബര്‍ സിപിഐഎമ്മിന്റെ പരിഹാസങ്ങള്‍.
മറ്റ് കമ്പനികളുടെ വെബ്സൈറ്റും എഡിറ്റിംഗ് ചരിത്രവും നോക്കി നടക്കുന്ന മാത്യു കുഴല്നാടന് സ്വന്തം വെബ്സൈറ്റ് നോക്കിയോയെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു. mathewkuzhalnadan.com വെബ്സൈറ്റ് തുറക്കുമ്പോള്‍ കമ്പനിയുടെ ഉത്പാദനം നാല് ലക്ഷം ടണ്‍ എന്നും കാണിക്കുന്നുണ്ട്. കമ്പനിയുടെ അലൂമിനിയം കാസ്റ്റിംഗും റോളിംഗും ഏഷ്യയിലും ലോകത്തും ആദ്യത്തേതാണ്. ഉല്പന്നങ്ങള് എഴുപതിലധികം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നും 'മാത്യു കുഴല്നാടന്' വെബ്സൈറ്റില്‍ അവകാശപ്പെടുന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കുഴല്നാടന് ഈ വെബ്സൈറ്റും അതിലെ വിവരങ്ങളും സൈബര്‍ സിപിഐഎം ചര്‍ച്ചയാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നതായാണ് മാത്യു കുഴല്നാടന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. താന്‍ പറഞ്ഞത് അസംബന്ധവും കള്ളവുമാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
മാത്യു കുഴല്നാടന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍: ''ഞാന്‍ ആദ്യമായാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ സംസാരിക്കുന്നത്. എംഎല്‍എ ആവുന്നതിന് മുമ്പും ശേഷവും നിരവധി വട്ടം മുഖ്യമന്ത്രിയുമായി സംസാരിക്കാനും ഇടപെടാനും അവസരമുണ്ടായിട്ടുണ്ട്. ഇന്നു വരെ ആദരവോടെയും ബഹുമാനത്തോടെയും മാത്രമേ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളൂ. പക്ഷെ ഇന്നലെ അടിയന്തര പ്രമേയതത്തില് മറുപടി പറയുന്ന സമയത്ത് മുഖ്യമന്ത്രി നടത്തിയ പ്രതികരണം ഒരു മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതാണോയെന്ന് ജനം വിലയിരുത്തട്ടെ. ശൈലി കൊണ്ട് നമ്മളെ പിന്തിരിപ്പാക്കാമെന്നോ വിരട്ടാമെന്നോ അദ്ദേഹം ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. എന്നെ ആ ഗണത്തില്‍പ്പെടുത്തേണ്ട എന്ന് വിനയത്തോടെ പറയുന്നു.''
''ഞാന്‍ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് എനിക്ക് ഉത്തമ ബോധ്യമുണ്ട്. വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കരുത് എന്ത് അസംബന്ധവും പറയരുത് തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ പറഞ്ഞത് അസംബന്ധമാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സ്വപ്ന സുരേഷിന് സര്‍ക്കാരുമായി ബന്ധപ്പെട്ട് നിയമനം നടത്തിയത് പിഡബ്ല്യുസി എന്ന് പറയുന്ന കണ്‍സല്‍ട്ടന്‍സി കമ്പനിയാണ്. അത് നിഷേധിക്കാന്‍ പറ്റുമോ.''
''സാമ്പത്തിക ശക്തികള്‍ക്കെതിരെയും കണ്സല്ട്ടന്സികള്ക്കെതിരെയും നിരന്തരം പൊളിറ്റിക്കല്‍ പൊസിഷന്‍ എടുത്തിരുന്ന സിപിഐഎം പക്ഷെ അധികാരത്തിലേറിയ ശേഷം നിരവധി കരാറുകള്‍ കണ്‍സല്‍ട്ടന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ ബഹുഭൂരിപക്ഷം വര്‍ക്കുകളും വേണ്ടത്ര സുതാര്യതയില്ലാതെ പിഡബ്ല്യസിക്ക് കിട്ടിയപ്പോള്‍ ഇത് സംബന്ധിച്ച് 2020 മെയ് മാസത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു.''
''മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെക്കുറിച്ച് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വീണ വിജയന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടോ സ്വകാര്യതയുമായി ബന്ധപ്പെട്ടോ ഒരു പരാമര്‍ശവും ഞാന്‍ നടത്തിയിട്ടില്ല. പക്ഷെ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെതിരെ വലിയ ആരോപണമുയര്‍ന്നപ്പോള്‍ വീണ വിജയന് നടത്തുന്ന എക്സാലോജിക് ഐടി കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിലൊന്നായി അവര്‍ തന്നെ പ്രഖ്യാപിച്ചയാളാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിലെ ഡയറക്ടര്‍മാരിലൊരാളായ ജെയ്ക് ബാലകുമാര്‍ എന്ന വ്യക്തി.''
''ജെയ്ക് ബാലകുമാര്‍ തങ്ങളുടെ മെന്ററാണെന്ന് വീണ വിജയന്റെ കമ്പനി അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെതിരെ ആരോപണം വന്നപ്പോള്‍ 2020 മെയ് മാസത്തില്‍ വെബ്സൈറ്റ് ഡൗണ്‍ ആയി. ഏകദേശം ഒരു മാസക്കാലം ഈ വെബ്സൈറ്റ് ആര്‍ക്കും കാണാന്‍ പറ്റിയില്ല. പിന്നീട് ആ വെബ്സൈറ്റ് അപ്പ് ആവുന്നത് ജൂണ്‍ 20 നാണ്. മെയ് 20 ന് ആ വെബ്സൈറ്റിലുണ്ടായിരുന്ന പല വിവരങ്ങളും അതില്‍ കാണാനില്ലായിരുന്നു. ജെയ്ക്ക് ബാലകുമാറിന്റെ പേര് എന്ത് കൊണ്ടാണ് മാറ്റേണ്ടി വന്നത്. ഈ വെബ്സൈറ്റ് തുടങ്ങിയ ശേഷം 107 തവണയാണ് അപ്ഡേഷന് നടത്തിയത്. വീണ വിജയനാണ് കമ്പനിയുടെ ഡയറക്ടറും ഫൗണ്ടറും. ഫൗണ്ടറെ ഉപദേശിക്കുകയും നയിക്കുകയും ചെയ്തത് ജെയ്ക്ക് ബാലകുമാറാണെന്നായിരുന്നു വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്. ഇത് പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റുമോ.'