Top

'തിരുത്തലുകളിലൂടെ വേണം നവകേരളം കെട്ടിപ്പടുക്കാന്‍'; ചർച്ചയായി വിഎസിന്റെ പഴയ കുറിപ്പ്

പ്രളയം വിതച്ച ദുരന്തങ്ങളുടെ വൈപുല്യവും, ഒറ്റ മനസ്സായി കേരള സമൂഹം അതിനെ അതിജീവിക്കാന്‍ നടത്തുന്ന അനിതരസാധാരണമായ പ്രവര്‍ത്തനങ്ങളുമെല്ലാം നമ്മുടെ കണ്‍മുന്നില്‍ത്തന്നെയുണ്ട്.

20 Oct 2021 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുത്തലുകളിലൂടെ വേണം നവകേരളം കെട്ടിപ്പടുക്കാന്‍; ചർച്ചയായി വിഎസിന്റെ പഴയ കുറിപ്പ്
X

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനന്‍ ഇന്ന് 98-ാം വയസ് പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ വീണ്ടും ചര്‍ച്ചയായി കഴിഞ്ഞ പ്രളയകാലത്ത് അദ്ദേഹം പങ്കുവെച്ച കുറിപ്പ്. മറ്റൊരു മഴക്കെടുതിക്ക് കേരളം സാക്ഷ്യം വഹിക്കുന്ന ഘട്ടത്തില്‍ മകന്‍ വി എ അരുണ്‍കുമാറാണ് 'നവ കേരളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍' എന്ന തലക്കെട്ടിലുള്ള കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില തിരിച്ചറിവുകള്‍ നമുക്കുണ്ടായിട്ടുണ്ട്. ആ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍, അടിയന്തിരമായി വരുത്തേണ്ട തിരുത്തലുകളിലൂടെ വേണം നവകേരളം കെട്ടിപ്പടുക്കാനെന്ന് വിഎസ് കുറിപ്പില്‍ പറയുന്നു. തുറന്ന് പറച്ചിലുകളിലൂടെ, ബോധവല്‍ക്കരണത്തിലൂടെ, വ്യക്തമായ നയ സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ വേണം പുനര്‍ നിര്‍മ്മാണമെന്നും ആ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യവും ശാസ്ത്രീയവുമായ ഒരു മാസ്റ്റര്‍ പ്ലാന്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഒരു തലമുറ കണ്ട ഏറ്റവും വലിയ പ്രളയം ബാക്കിവെച്ചതില്‍നിന്ന് വേണം ഇനി നവ കേരളം കെട്ടിപ്പടുക്കാന്‍. ഒന്നും ബാക്കിയാക്കാതെ, അദ്ധ്വാനിച്ചുണ്ടാക്കിയ സര്‍വ്വതും പ്രളയം കൊണ്ടുപോയ ലക്ഷങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അതെ. നമുക്കിനി കേരളത്തിന്റെ ഭാവിയെക്കുറിച്ചാണ് സംസാരിക്കാനുള്ളത്.

പ്രളയം വിതച്ച ദുരന്തങ്ങളുടെ വൈപുല്യവും, ഒറ്റ മനസ്സായി കേരള സമൂഹം അതിനെ അതിജീവിക്കാന്‍ നടത്തുന്ന അനിതരസാധാരണമായ പ്രവര്‍ത്തനങ്ങളുമെല്ലാം നമ്മുടെ കണ്‍മുന്നില്‍ത്തന്നെയുണ്ട്.

ഈ പ്രവര്‍ത്തനങ്ങളെ ഇനിയെങ്ങനെ മുന്നോട്ട് കൊണ്ടുപോവണം എന്ന കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിനാണ് പ്രാധാന്യം. അതുകൊണ്ട്തന്നെയാണ്, അടിയന്തിരമായി ഇന്നലെ ഒരു നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തത്. അവിടെ ജനപ്രതിനിധികള്‍ പറഞ്ഞത് ജനങ്ങളുടെ അഭിപ്രായമാണ്. ജനപ്രതിനിധികള്‍ നിയമസഭയില്‍ പറഞ്ഞ ഓരോ വാക്യവും പ്രധാനമാണ്. കാരണം, അവര്‍ ജനങ്ങളെ പ്രതിനിധീകരിച്ചാണ് സംസാരിച്ചത്.

രണ്ട് പ്രധാന കാര്യങ്ങളാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. എന്തെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഏത് രീതിയില്‍ നിര്‍വ്വഹിക്കണം എന്നതായിരുന്നു, ഒരു കാര്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ നിര്‍ദ്ദേശങ്ങളായിരുന്നു, അതിലധികവും. സ്വാഭാവികമായും പരാതികളും പരിദേവനങ്ങളുമെല്ലാം അതില്‍ ഉള്‍പ്പെടും. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള സൃഷ്ടിക്ക് ഏതാണ്ട് വ്യക്തമായ മാര്‍ഗരേഖയുണ്ടാക്കാന്‍ ചര്‍ച്ചകള്‍ സഹായിച്ചു എന്നതാണ് പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യം. മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കാനിരിക്കുന്ന നവകേരള പുനര്‍നിര്‍മ്മാണമാണ് ഇനി മുതല്‍ കേരളം ചര്‍ച്ച ചെയ്യേണ്ട മുഖ്യ വിഷയം എന്ന് ഞാന്‍ വിചാരിക്കുന്നു.

നയ രൂപീകരണ, നിര്‍വ്വഹണ പ്രക്രിയയില്‍ നമുക്ക് ഒട്ടേറെ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. വികസനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമീപനത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. റോഡുകളും തോടുകളും പാലങ്ങളും പാളങ്ങളും വന്‍ നിര്‍മ്മിതികളും ഉള്‍പ്പെടുന്ന, ആസുരമായ ഒരു വികസന സങ്കല്‍പ്പം ജനങ്ങളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതിന് അനുഗുണമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ ജനാധിപത്യ സംവിധാനത്തില്‍ സ്വാഭാവികമായും സര്‍ക്കാരുകള്‍ മുന്‍കയ്യെടുക്കും. അത്തരം വികസന പ്രവര്‍ത്തനങ്ങളുടെ ആഘാതമേല്‍ക്കുന്ന ജനവിഭാഗങ്ങളും, ശാസ്ത്ര ലോകവും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുമെങ്കിലും അവര്‍ കേവലം ന്യൂനപക്ഷം മാത്രമാണ്. വ്യവസായം വരാന്‍ മണ്ണ് വേണം. പക്ഷെ, ഏതെല്ലാം മണ്ണിനെ ഏതാവശ്യത്തിനു വേണ്ടി വിനിയോഗിക്കണമെന്ന വ്യക്തമായ നയമാണ് പ്രധാനം. അത്തരമൊരു ഭൂവിനിയോഗ നയമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ചെറുതും വലുതുമായ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്.

ഇപ്പോള്‍ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില തിരിച്ചറിവുകള്‍ നമുക്കുണ്ടായിട്ടുണ്ട്. ആ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍, അടിയന്തിരമായി വരുത്തേണ്ട തിരുത്തലുകളിലൂടെ വേണം, നവകേരളം കെട്ടിപ്പടുക്കാന്‍. അതിവൃഷ്ടിയാണ് പ്രളയത്തിലേക്ക് നയിച്ചത്. അതാവട്ടെ, നമ്മുടെ നയ പരിപാടികള്‍ക്കതീതവുമാണ്. പക്ഷെ, ദുരിതം ശതഗുണീഭവിപ്പിച്ചത് കേരളം ഇതുവരെ കൈക്കൊണ്ട വികലമായ നയങ്ങളുടെ ഫലമായിട്ടാണ് എന്ന് കാണാം. ഭൂമിയില്‍ വീഴുന്ന ജലത്തിന് മണ്ണിലേക്കിറങ്ങാനോ, കടലിലേക്കൊഴുകാനോ ഉള്ള അനുമതി നമ്മുടെ വികസന രീതികള്‍ ഇല്ലാതാക്കി. നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗത ജല നിര്‍ഗമന മാര്‍ഗങ്ങള്‍ ഇല്ലാതാക്കി. കെട്ടി നില്‍ക്കുകയല്ലാതെ, പ്രളയജലത്തിന് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ആ കെട്ടി നില്‍ക്കലിലാണ് പതിനായിരങ്ങള്‍ മുങ്ങിപ്പോയത്. ഊഷരമാക്കപ്പെട്ട കുന്നിന്‍ നെറുകകളില്‍ റിസോര്‍ട്ടുകളും തടയണകളും റോഡുകളും കെട്ടിപ്പൊക്കിയപ്പോള്‍ മലയിടിച്ചും ഉരുള്‍പൊട്ടിച്ചും പ്രതികരിക്കുകയല്ലാതെ പ്രകൃതിക്ക് വേറെ മാര്‍ഗമില്ലാതായി.

വികസനം വരാന്‍ ഭൂമി മാത്രം പോരെന്നും, നമ്മുടെ കുന്നുകളും നദികളും വയലുകളും കൂടി വേണമെന്നും തീരുമാനിക്കപ്പെടാത്തിടത്താണ് പിഴവുകള്‍ തുടങ്ങിയത്. അപ്പോഴും, പ്രകൃതിയെ സംരക്ഷിക്കാത്ത വികസനം സുസ്ഥിരമാവില്ല എന്ന് ശാസ്ത്ര ലോകവും സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമങ്ങളും പറഞ്ഞുകൊണ്ടിരുന്നു. അവരെ നാം വികസനവിരുദ്ധരെന്നും, കപട പരിസ്ഥിതിവാദികളെന്നും വിളിച്ച് ആക്ഷേപിച്ചു. വയലേലകള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ക്കും കപട വികസന മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താനായില്ല. കാലാകാലങ്ങളില്‍, പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. ഭൂവിനിയോഗത്തിന് പുതിയ മാര്‍ഗരേഖകളുണ്ടായിക്കൊണ്ടിരുന്നു. ഭൂമി ഉല്‍പ്പാദനോപാധിയല്ലെന്നും വെറും ചരക്കാണെന്നും നാം പഠിച്ചെടുത്തു. കുടിവെള്ളത്തെക്കാള്‍ പ്രധാനം വാട്ടര്‍ തീം പാര്‍ക്കുകളാണെന്ന ബോദ്ധ്യത്തിലായിരുന്നു, നാം.

കായലുകള്‍ കയ്യേറി വന്‍ റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കിയവര്‍ നിസ്സാരമായ പിഴയടച്ച് കോടതികളിലൂടെ കയ്യേറ്റങ്ങള്‍ സാധൂകരിച്ചെടുക്കുന്നത് നമുക്ക് മാതൃകകളുണ്ടാക്കിത്തന്നു. തലസ്ഥാന നഗരിയില്‍ പോലും ഇത്തരം മാതൃകകളുണ്ടായി. പുഴയോരങ്ങളും, കടലോരങ്ങളും നേര്‍ത്തുവരുന്നത് കണ്ടില്ലെന്ന് നടിച്ചു. കോര്‍പ്പറേറ്റ് മുതലാളിമാര്‍ വികസനം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച് തുറമുഖങ്ങള്‍ തീറെഴുതിക്കൊടുക്കുമ്പോള്‍, ആ തുറമുഖം പശ്ചിമഘട്ടത്തിന്റെ നെഞ്ചിടിച്ചിടുന്ന കാര്യം നമ്മുടെ പ്ലാനിങ്ങില്‍ കടന്നുവന്നില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വികസനത്തിന്റെ സൂചകമെന്നായിരുന്നു, നമ്മുടെ ബോദ്ധ്യം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്വാറികള്‍ വേണമെന്നും, ക്വാറിയുടമകളെ ശ്വാസം മുട്ടിക്കുന്നത് വികസനവിരുദ്ധമാണെന്നും നാം ജനങ്ങളെ പഠിപ്പിച്ചു. നമുക്കൊരു ക്വാറി നയമുണ്ടായില്ല. കയ്യേറ്റവും കുടിയേറ്റവും കൂട്ടിക്കുഴച്ച് മൂന്നാര്‍ കുന്നുകളില്‍ നഗരങ്ങള്‍ കെട്ടിപ്പൊക്കി.

ഈ കേരളത്തെയാണ് നമുക്ക് പുനഃസൃഷ്ടിക്കാനുള്ളത്. തുറന്ന് പറച്ചിലുകളിലൂടെ, ബോധവല്‍ക്കരണത്തിലൂടെ, ഏറ്റവും പ്രധാനമായി, വ്യക്തമായ നയ സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ വേണം, അത് സാധിച്ചെടുക്കാന്‍. ആ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യവും ശാസ്ത്രീയവുമായ ഒരു മാസ്റ്റര്‍ പ്ലാനാണ് ആദ്യം വേണ്ടത്. മുന്‍ഗണനകള്‍ തീരുമാനിക്കാന്‍, വിഭവ സമാഹരണം നടത്താന്‍, മനുഷ്യശേഷി പ്രയോജനപ്പെടുത്താന്‍, ഏറ്റവും പ്രധാനമായി, ഭാവി കേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയ്യാന്‍ നമുക്ക് അത്തരമൊരു മാസ്റ്റര്‍ പ്ലാന്‍ കൂടിയേ തീരൂ. ഒരു പറ്റം ബ്യൂറോക്രാറ്റുകളല്ല, അത്തരമൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. കേരള ജനതയുടെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ആ മാസ്റ്റര്‍ പ്ലാനുണ്ടാക്കാന്‍ നമുക്കൊരു യുവതയുണ്ട് എന്ന് ഈ പ്രളയം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

നമ്മുടെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും, അദ്ധ്യാപകരും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രാറ്റുകളുമെല്ലാം അടങ്ങുന്ന ഒരു കര്‍മ്മസേനയാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കേണ്ടത്.

എനിക്കുറപ്പുണ്ട്. അവര്‍ ക്വാറികളെക്കുറിച്ച് പറയും. അവര്‍ വികസനത്തെക്കുറിച്ച് പറയും. ദുരിതാശ്വാസത്തെക്കുറിച്ച് പറയും. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറയും. കുന്നിടിക്കലിനെക്കുറിച്ചും, കയ്യേറ്റങ്ങളെക്കുറിച്ചും, മണലൂറ്റിനെക്കുറിച്ചും, ഹൈവേകളെക്കുറിച്ചും, കര്‍ഷകരെക്കുറിച്ചും, ഭൂപരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചും, മാലിന്യം തള്ളുന്ന വ്യവസായങ്ങളെക്കുറിച്ചും, പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെക്കുറിച്ചുമെല്ലാം പറയും. ബംഗ്ലാവുകള്‍ക്ക് പകരം, അവര്‍ നമുക്കൊരു സാമൂഹ്യ ഭവന നിര്‍മ്മാണ പരിപ്രേക്ഷ്യമുണ്ടാക്കും. എട്ട് വര്‍ഷം മുമ്പ് ചിലിയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പ ദുരന്തമുള്‍പ്പെടെ, ലോകജനതയുടെ അതിജീവനത്തിന്റെ പാഠങ്ങള്‍ പഠിച്ച്, ഇതെല്ലാം സമന്വയിപ്പിച്ച്, ഭാവി കേരളത്തിനൊരു മാസ്റ്റര്‍ പ്ലാനുണ്ടാക്കും. അതില്‍നിന്ന് കടുകിട വിട്ടുമാറാതെ, നമുക്കിവിടെ നവ കേരളം കെട്ടിപ്പടുക്കാം. ജനങ്ങള്‍ ഒപ്പമുണ്ടാവും.

Next Story

Popular Stories