Top

മാർക്ക് ജിഹാദ്: രാകേഷ് പാണ്ഡെക്കെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്രത്തിന് ശിവന്‍കുട്ടിയുടെ കത്ത്

ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണമെന്നാണ് മന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്

9 Oct 2021 12:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാർക്ക് ജിഹാദ്: രാകേഷ് പാണ്ഡെക്കെതിരെ നടപടിയാവശ്യപ്പെട്ട്  കേന്ദ്രത്തിന് ശിവന്‍കുട്ടിയുടെ കത്ത്
X

'മാർക്ക് ജിഹാദ്' പരാമർശത്തില്‍ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡൽഹി സർവകലാശാല വൈസ് ചാൻസലർക്കും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരെയുള്ള വർഗീയതയും വംശീയതയും നിറഞ്ഞ പരാമർശമാണ് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ കിരോരി മാൾ കോളേജിലെ അധ്യാപകനായ രാകേഷ് കുമാർ നടത്തിയതെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികൾക്കിടയിൽ സ്പർദ്ധ വളർത്താൻ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസർ നടത്തിയിട്ടുള്ളതെന്നും ഈ പശ്ചാത്തലത്തില്‍ പ്രൊഫസർക്കെതിരെ ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും നടപടി വേണമെന്നുമാണ് മന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്.

ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ 'മാർക് ജിഹാദ്' ആരോപണത്തെ കരുതാനാകു എന്നും നേരത്തെ മന്ത്രി പരാമർശത്തില്‍ പ്രതികരിച്ചിരുന്നു. മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം തേടുന്ന വിദ്യാർഥികളെ ചെറിയ കാരണങ്ങൾ പറഞ്ഞ് പ്രവേശനത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. കൊവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് മാർക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ. 'മെറിറ്റേതര' കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കാൻ കേരളത്തിൽ നിന്നും മാർക് ജിഹാദ് നടക്കുന്നുണ്ടെന്നായിരുന്നു ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ പരാമർശം. ഇടതുപക്ഷ കേന്ദ്രമായി അറിയപ്പെടുന്ന കേരളം എല്ലാ കുട്ടികൾക്കും ആവശ്യത്തിലധികം മാർക്ക് നൽകി ഡൽഹി യൂണിവേഴ്സിറ്റിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് രാകേഷ് കുമാർ പാണ്ഡെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വംശീയച്ചുവയുള്ള പരാമർശമാണ് രാകേഷ് കുമാറിന്റെ ഭാ​ഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കേരളത്തിൽ നിന്നെത്തുന്ന കുട്ടികൾക്ക് ഹിന്ദിയിലോ ഇം​ഗ്ലീഷിലോ സംസാരിക്കാൻ പറ്റുന്നില്ല. എന്നിട്ടും ഇവർ ഇത്തരം യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുന്നതിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനു​ദാഹരണായി ചൂണ്ടിക്കാട്ടുന്നത് ജെഎൻ.യു സർവകലാശാലയാണ്. ഇടതുപക്ഷം ജെഎൻയു കൈയ്യടക്കിയതു പോലെ ഡൽഹി സർവകലാശാലയും കൈയടക്കാനുള്ള ശ്രമമാണെന്നുമാണ് രാകേഷ് പാണ്ഡെയുടെ വാദം.

"വിദ്യാർത്ഥികൾക്ക് കേരള ബോർഡ് 100 ശതമാനം മാർക്ക് നൽകുന്ന പ്രതിഭാസം സാധാരണല്ല. ഈ വിദ്യാർത്ഥികൾക്ക് ഹിന്ദിയിലോ ഇം​ഗ്ലീഷിലോ സംസാരിക്കാൻ പറ്റുന്നില്ല. പക്ഷെ അവർ ഡൽഹി യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുക്കുന്നു. ഇതിനു പിന്നിൽ ​​ഗൂഢാലോചനയും ആസൂത്രണവും ഉണ്ട്. കേരളം ഇടതുപക്ഷ ഹബ്ബായാണ് അറിയപ്പെടുന്നത്. ജെഎൻയു അവരുടെ നിയന്ത്രണത്തിലാണ്. പക്ഷെ ഡൽഹി യൂണിവേഴ്സിറ്റിയിെ അവർക്ക് കൈപ്പിടിയിലാക്കാനായിട്ടില്ല. വിദ്യാർത്ഥികൾക്ക് 100 ശതമാനം മാർക്ക് ലഭിച്ചാൽ ഡൽഹി യൂണിവേഴ്സിറ്റിയിലേക്കെത്താൻ എളുപ്പമാണെന്ന് അവർക്കറിയാം. അവരത് ചെയ്യുന്നതിന് എന്തെങ്കിലും കാരണമുണ്ടാവും," സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനു പിന്നാലെ രാകേഷ് പാണ്ഡെ പ്രതികരിച്ചതിങ്ങനെയാണ്. ആർഎസ്എസുമായി ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രന്റിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

Next Story