19 എസ്എഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍; ആറ് പേര് കൂടി കസ്റ്റഡിയില്‍; അന്വേഷണത്തിന് പ്രത്യേക സംഘം
അതിനിടെ ജൂണ്‍ 30,1,2 തിയ്യതികളില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തും.
25 Jun 2022 6:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വയനാട്: രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ സംഭവത്തില്‍ പിടിയിലായവര്‍ 25 ആയി. നേരത്തെ 19 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരെ പൊലിസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്.
ഓഫീസ് ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എഡിജിപി മനോജ് എബ്രഹാം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെ എസ്എഫ്ഐ അപലപിച്ചു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നതെന്ന് ദേശീയാധ്യക്ഷന്‍ വി പി സാനു പറഞ്ഞു. ഒരു വ്യക്തിക്കെതിരെയല്ല മറിച്ച്, വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ്. അത് സ്വാഭാവികമാണ്. മാര്‍ച്ച് എസ്എഫ്ഐ തീരുമാനിച്ചതല്ലെന്നും വി പി സാനു പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വി പി സാനു പറഞ്ഞു.
അതിനിടെ ജൂണ്‍ 30,1,2 തിയ്യതികളില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തും.
- TAGS:
- Rahul Gandhi
- Wayanad