മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു; സഭയ്ക്ക് ദിശാ ബോധം നൽകിയ ഇടയശ്രേഷ്ഠൻ
സിബിസിഐയുടെയും കെസിബിസിയുടെയും മുന്‍ പ്രസിഡന്റായിരുന്നു
18 March 2023 8:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചങ്ങനാശേരി: സീറോ മലബാര്‍ സഭ സീനിയര്‍ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ (92) കാലം ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോടെ ചങ്ങനാശേരിയിലായിരുന്നു അന്ത്യം.
1972 ഫെബ്രുവരി 13ന് പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാനായി ഉയര്‍ത്തി. സിബിസിഐ പ്രസിഡന്റ്, കെസിബിസി ചെയര്‍മാന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍, സിബിസിഐ എജ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍, ഏഷ്യന്‍ പോസ്റ്റ് സിനഡല്‍ കമ്മീഷന്‍ അംഗം എന്നിങ്ങനെ നിരവധി സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് വിശ്രമത്തിലായിരുന്ന പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
1930 ഓഗസ്റ്റ് 14 നാണ് ചങ്ങനാശേരി കുറുമ്പനാടം പൗവത്തിൽ ജോസഫ് മറിയക്കുട്ടി ദമ്പതിമാരുടെ മകനായി പി.ജെ ജോസഫ് എന്ന ജോസഫ് പൗവ്വത്തില്‍ ജനിച്ചത്. പുളിയാംകുന്ന് ഹോളി ഫാമിലി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍, ചങ്ങനാശേരി എസ്ബിഎച്ച്എസ് എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
STORY HIGHLIGHTS: Mar Joseph Powathil passed away