തലയറുത്ത് സർവ്വകലാശാലക്ക് മുന്നില്‍വെക്കും; കണ്ണൂർ വിസിക്ക് മാവോയിസ്റ്റ് ഭീഷണി
കത്തിനെപ്പറ്റി അറിഞ്ഞിട്ടില്ലെന്നാണ് വിസി ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം.
23 Dec 2021 11:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ സർവകലാശാല വെെസ് ചാന്‍സിലർ ഡോ. ഗോപിനാഥ് രവീന്ദ്രന് വധഭീഷണി. മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലാണ് വധ ഭീഷണി കത്ത്. വിസി നിയനമത്തില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും, അങ്ങനെയുണ്ടാകുന്ന പക്ഷം വി സിയുടെ ശിരസ്സ് ഛേദിച്ച് സർവ്വകലാശാല ആസ്ഥാനത്ത് വെക്കുമെന്നും അടക്കം ഭീഷണിയാണ് കത്തിന്റെ ഉള്ളടക്കത്തിലുള്ളത്.
മലയാളം വാക്കുകൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ് ചെയ്തതാണ് കത്തിലെഴുതിയിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാല വിലാസത്തില്‍ എത്തിയ കത്ത് വിസിയുടെ ഓഫീസ് സ്ഥിരീകരിച്ചു. അതേസമയം, കത്തിനെപ്പറ്റി അറിഞ്ഞിട്ടില്ലെന്നാണ് വിസി ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. കണ്ണൂർ സിവില്‍ സ്റ്റേഷന് പരിസരത്തെ പോസ്റ്റ് ബോക്സില്‍ നിന്ന് ഇന്ന് രാവിലെയാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
അതേസമയം, വിവാദ കണ്ണൂർ സർവകലാശാല വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായ പരാതി കേരള ലോകായുക്ത ഫയലിൽ സ്വീകരിച്ചു. പൊതുപ്രവർത്തകനായ പായ്ചിറ നവാസാണ് പരാതി നൽകിയത്. മന്ത്രി ആർ ബിന്ദു സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, നിയമ ലംഘനം, സത്യപ്രതിജ്ഞാ ലംഘനം, ക്രമക്കേടുകൾ എന്നിവ നടത്തിയതായും, ആയതിനാൽ ഉന്നത വിദ്യാഭ്യാസമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നുമാണ് പരാതി.
ലോകായുക്തയുടെ അധികാര പരിധിയിൽ വരുന്ന വിഷയത്തിൽ മന്ത്രിയെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ മുഖ്യമന്ത്രിയ്ക്കും, സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും ഉത്തരവ് നൽകണമെന്നും പരാതിക്കാരന് ആവശ്യപ്പെടുന്നു. ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഗവർണർക്ക് കെെമാറിയ രണ്ട് കത്തുകള്‍ രേഖാമൂലമുള്ള തെളിവുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.