Top

'മാവോയിസ്റ്റ് വേട്ട വ്യാജമെന്ന ആക്ഷേപം നിലനില്‍ക്കുന്നു'; കേന്ദ്ര സഹായം ലഭിച്ചതിലെ ദുരൂഹത നീക്കണമെന്ന് കെ സുധാകരന്‍

കേരളത്തില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം നേടിയെടുക്കാനുള്ള തന്ത്രമാണ് വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നിലെന്നും മുമ്പ് ആരോപണമുണ്ടായിരുന്നതായും സുധാകരൻ

29 March 2022 4:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാവോയിസ്റ്റ് വേട്ട വ്യാജമെന്ന ആക്ഷേപം നിലനില്‍ക്കുന്നു; കേന്ദ്ര സഹായം ലഭിച്ചതിലെ ദുരൂഹത നീക്കണമെന്ന് കെ സുധാകരന്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ മാവോയിസ്റ്റ് വേട്ടകള്‍ക്കായി കേന്ദ്രസഹായം ലഭിച്ചതിലെ ദുരൂഹത നീക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇവിടെ നടന്ന മാവോയിസ്റ്റ് വേട്ടകള്‍ക്കായി കേരളം കേന്ദ്രസഹായം സ്വീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചതായും കെ സുധാകരന്‍ വ്യക്തമാക്കി.

'മാവോയിസ്റ്റ് വേട്ടയ്ക്കായി കേരളം കേന്ദ്രസഹായം സ്വീകരിച്ചു. ഇത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാണ്. കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ട വ്യാജമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിലെ ദുരൂഹത നീക്കാന്‍ കേരളത്തിലെ സര്‍ക്കാരിന് ബാധ്യതയുണ്ട്.', കെ സുധാകരന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2000നും 2021 നും ഇടയില്‍ കേരളത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് 2016 നുശേഷമാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. പിണറായി വിജയന്റെ ഭരണത്തില്‍ ഇതുവരെ എട്ടു മാവോയിസ്റ്റുകളാണ് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം നേടിയെടുക്കാനുള്ള തന്ത്രമാണ് വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നിലെന്നും അന്ന് ആരോപണം ഉണ്ട്. ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍ ആ ആക്ഷേപം ശക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറം,പാലക്കാട്,വയനാട് എന്നീ മൂന്ന് ജില്ലകളെ മാവോയിസ്റ്റ് പ്രശ്നബാധിത ജില്ലകളായിട്ടാണ് കണക്കാക്കുന്നത്. സുരക്ഷാ ചെലവുകള്‍ക്കായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018 ഏപ്രിലില്‍ 6 കോടി രൂപയും പ്രത്യേക ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി പ്രകാരം 6.67 കോടിയും കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പടെ വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുകയായിരുന്നു. കേരളത്തില്‍ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

STORY HIGHLIGHTS: 'Maoist attack allegation remains'; K Sudhakaran wants to clear the mystery of receiving central assistance

Next Story