Top

'ക്ഷേത്രത്തിൽ നൃത്തം ചെയ്യണമെന്ന വാശിയില്ല; പ്രതികരിച്ചത് സുഹൃത്തുക്കൾക്കുൾപ്പെടെയുള്ള അനുഭവങ്ങൾ കാരണം'; മൻസിയ പറയുന്നു

ഒരു കലാകാരിയെന്ന നിലയില്‍ ഒട്ടും മാന്യമായിട്ടായിരുന്നില്ല അവരുടെ പ്രതികരണം.

30 March 2022 8:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്ഷേത്രത്തിൽ നൃത്തം ചെയ്യണമെന്ന വാശിയില്ല; പ്രതികരിച്ചത് സുഹൃത്തുക്കൾക്കുൾപ്പെടെയുള്ള അനുഭവങ്ങൾ കാരണം; മൻസിയ പറയുന്നു
X

തൃശൂർ: മതത്തിൻ്റെ പേരിൽ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോല്‍സവത്തില്‍' പങ്കെടുക്കാന്‍ അവസരം നിഷേധിച്ചതിലും പിന്നീടുണ്ടായ വിവാദങ്ങളി‌ലും പ്രതികരണവുമായി നർത്തകി മൻസിയ. ഒരു വേദി കിട്ടാൻ വേണ്ടിയല്ല താൻ പ്രതികരിച്ചതെന്നും അവഗണന നേരിടുന്ന എല്ലാ കലാകാരൻമാർക്കും വേണ്ടിയാണെന്നും മൻസിയ റിപ്പോർട്ടർ ടിവിയോട് വ്യക്തമാക്കി. ക്ഷേത്രത്തിൽ നൃത്തം ചെയ്തേ തീരൂ എന്ന വാശി തനിക്കില്ല. പക്ഷെ കലാരൂപങ്ങൾ മതേതരമായി നിലനിൽക്കേണ്ടതുണ്ടെന്നും മൻസിയ പറഞ്ഞു.

ക്ഷേത്രത്തിൽ നൃത്തം ചെയ്യണമെന്ന് വാശിയില്ല,

ഞാനിത്തരം ഒരു വിഷയം ഉയര്‍ത്തിപ്പിടിച്ചതിന് കാരണം എനിക്ക് കൂടല്‍ മാണിക്യക്ഷേത്രത്തില്‍ നൃത്തം ചെയ്യണം എന്ന പിടിവാശിയായിരുന്നില്ല. ഒരു കലാകാരിയെന്ന നിലയില്‍ ഒട്ടും മാന്യമായിട്ടായിരുന്നില്ല അവരുടെ പ്രതികരണം. അതിന്റെ ഒരു പ്രതിഷേധവും കലയില്‍ ഇപ്പോഴും ജാതിയും മതവുമെന്ന നിരാശയുമായിരുന്നു എന്നെ സംബന്ധിച്ച്. എന്നെ പിന്തുണച്ച് ഒരുപാട് പേര്‍ മുന്നോട്ട് വന്നതില്‍ സന്തോഷം. മോശം പ്രതികരണങ്ങളും ഒരുപാട് വരുന്നുണ്ട്. പിന്തുണച്ചവരെ ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു, മൻസിയ പറഞ്ഞു.

സുഹൃത്തുക്കൾക്കും സമാന അനുഭവം

എനിക്കൊരു വേദിക്കായിട്ടല്ല ഞാന്‍ പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ നേരത്തെ ഒരുപാട് വിഷയങ്ങളില്‍ പ്രതികരിക്കാമായിരുന്നു. ഇത്തരത്തിലുള്ള കാഴ്ചപ്പാട് കൂടിക്കൂടി വരുന്നതും സുഹൃത്തുക്കളുള്‍പ്പെട സമാന അനുഭവം പങ്കുവെച്ചതുമാണ് എന്റെ പ്രതികരണത്തിന് കാരണമായത്. പക്ഷെ ആ വേദികള്‍ക്ക് വേണ്ടിയല്ല ഞാന്‍ സംസാരിക്കുന്നത്. ആ വേദികള്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. അവഗണന നേരിടുന്ന എല്ലാ കലാകരന്‍മാരെയും ചേര്‍ത്ത് പിടിക്കണം. മന്‍സിയ പല പ്രിവിലേജുകളും കിട്ടിയ കലാകാരി തന്നെയാണ്. എനിക്കിനി വേദി കിട്ടിയില്ലെങ്കിലും സങ്കടമില്ല. ഒരു കലാകാരിയെന്ന നിലയില്‍ പ്രാക്ടീസിലൂടെയും സന്തോഷം കണ്ടെത്തുന്ന ആളാണ്. അവഗണന നേരിടുന്ന ഒരുപാട് കലാകരന്‍മാര്‍ക്ക് കൂടി ഈ വേദികള്‍ ഉപകരിക്കട്ടെ. മന്‍സിയയെ മാത്രം പരിഗണിക്കരുത്.

ഒരു ആചാരത്തെയും നിഷേധിക്കുന്നില്ല, പക്ഷെ,

ഒരു മതാചാരത്തെയും നിഷേധിക്കാനോ അത്തരത്തിലൊരു ഇടത്തില്‍ പോയി നൃത്തം ചെയ്‌തോ മതിയാവൂ എന്ന വാശി എനിക്കില്ല. പക്ഷെ കല എന്നത് മതേതര മുഖമുള്ളതാണ്. അത്തരത്തിലുള്ള ഇടങ്ങള്‍ ഒരുപാട് വരട്ടെ. അത് ഇന്നോ നാളെയോ ഉണ്ടാവുമെന്ന പ്രതീക്ഷയില്ല. ഇന്നല്ലെങ്കില്‍ നാളെ ഒരു മാറ്റത്തിന് തിരികൊളുത്തുകയാണെങ്കില്‍ വലിയ സന്തോഷം.

STORY HIGHLIGHTS: Mansiya vp says she not mandatory to dance in a temple

Next Story