ഹാൻസ് വിൽപ്പന; സിപിഐഎം നഗരസഭാ കൗൺസിലർ അറസ്റ്റിൽ
ഇവിടെ സൂക്ഷിച്ച 3600 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
8 July 2022 10:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: കടയിൽ ഹാൻസ് വിൽപ്പന നടത്തിയതിന് സിപിഐഎം നഗരസഭാ കൗൺസിലർ അറസ്റ്റിൽ. മഞ്ചേരി നഗരസഭാ കൗൺസിലർ പയ്യനാട് താമരശ്ശേരി ആറുവീട്ടിൽ സുലൈമാൻ(57) ആണ് പിടിയിലായത്. ഇയാളുടെ കടയിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ, ഹാൻസ് എന്നിവ പിടികൂടി. പിന്നീട് ജാമ്യത്തിൽ വിട്ടു.
സുലൈമാന്റെ ഉടമസ്ഥതയിലുള്ള പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ കടയിൽ രാവിലെ പതിനൊന്നോടെയാണ് പൊലീസ് പരിശോധനക്കെത്തിയത്. ഇവിടെ സൂക്ഷിച്ച 3600 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ചില്ലറ വിൽപ്പനക്കായാണ് ഇവ കടയിലെത്തിച്ചതെന്നും ഇതിന് വിപണിയിൽ ഒരുലക്ഷത്തോളം രൂപ വില വരുമെന്നും പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് മഞ്ചേരി ഇൻസ്പെക്ടർ റിയാസ് ചാക്കീരി, സിപിഒമാരായ അനീഷ് ചാക്കോ, അബ്ദുറഷീദ്, സവാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
STORY HIGHLIGHTS: CPIM Municipal Councilor Arrested for Drug Sale