'സുഖലോലുപതയില്‍ മതിമറക്കുന്ന സജി ചെറിയാന് ഭരണഘടന മാറ്റിയെഴുതിയാല് കൊള്ളാമെന്നുണ്ടാവും'; ദേശീയ ചിഹ്നങ്ങളോട് സിപിഐഎമ്മിനും വിരോധമുണ്ടെന്ന് മഞ്ഞളാംകുഴി അലി
6 July 2022 6:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: അല്‍പ്പം സാംസ്കാരിക ബോധമുണ്ടെങ്കില്‍ സജി ചെറിയാന് ഭരണഘടനയുടെ ഭാഗമായി നേടിയ പദവികള്‍ ഒഴിയണമെന്ന് മുസ്ലിം ലീഗ് എംഎല്‍എ മഞ്ഞളാംകുഴി അലി എംഎല്‍എ. സജി ചെറിയാന് തെറ്റു ചെയ്തെന്ന് ബോധ്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം. ഇനി അതാണ് ശരിയെങ്കില്‍ അത് സീതാറാം യെച്ചൂരി പറയണമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞളാംകുഴി അലി പറഞ്ഞത്
'നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ രാജ്യത്ത് ഭരണഘടനയെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങള്‍ കേട്ടുതുടങ്ങിയിരുന്നു. സാംസ്കാരിക മന്ത്രി 'കൊടച്ചക്ര' മായി വിശേഷിപ്പിച്ച മതേതരത്വം എന്ന വാക്ക് ഭരണ ഘടനയുടെ ആമുഖത്തില്‍നിന്ന് നീക്കം ചെയ്യണമെന്നാണ് മോദിയുടെ കാലത്ത് ആര്‍എസ്എസിന്റെ ആവശ്യം. എന്തൊരു മനപ്പൊരുത്തം.
ഇത്തരം കാര്യങ്ങളില്‍ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലപാട് സ്വീകരിക്കുന്നവരല്ല സിപിഎമ്മുകാര്‍. സജി ചെറിയാന് ഭരണഘടനക്കെതിരെ പറഞ്ഞത് ആലോചിക്കാതെയുമല്ല. പിണറായി ഭരിക്കുന്ന കേരളത്തിലെ ഭരണത്തിന്റെ സുഖലോലുപതയില്‍ മതിമറക്കുന്ന സജി ചെറിയാന് ഭരണഘടന മാറ്റിയെഴുതിയാല് കൊള്ളാമെന്നുണ്ടാവും. ഭരണഘടനാ വിരുദ്ധമായി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്ന നിലവാരത്തിലേ ഇന്നത്തെ സാംസ്കാരിക മന്ത്രിക്കും ചിന്തിക്കാനാവൂ.
ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളോട് ആര്‍എസ്എസിനുള്ള വിരോധം സിപിഎമ്മിനുമുണ്ട്. സ്വാതന്ത്ര്യ സമരവും ഗാന്ധിജിയും ഭരണഘടനയും ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവുമെല്ലാം സിപിഎമ്മിന്റെയും ആര്എഎസ്എസിന്റെയും ശത്രുക്കളാണ്. ചിന്തകളും ആശയങ്ങളും ഒന്നാണെങ്കില് ലയിക്കുന്നതാണ് നല്ലത്. അല്‍പ്പം സാംസ്കാരിക ബോധമുണ്ടെങ്കില്‍ സജി ചെറിയാന് ഭരണഘടനയുടെ ഭാഗമായി നേടിയ പദവികള്‍ ഒഴിയണം. സജി ചെറിയാന് തെറ്റു ചെയ്തെന്ന് ബോധ്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം. ഇനി അതാണ് ശരിയെങ്കില്‍ അത് സീതാറാം യെച്ചൂരി പറയണം.'
Story Highlights: manjalamkuzhi ali mla about saji cheriyan words about constitution