Top

മണിച്ചന്‍ പുറത്തേക്ക്; ജയില്‍ മോചിതനാകുന്നത് 22 വര്‍ഷത്തെ തടവിന് ശേഷം

മണിച്ചനടക്കം 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്.

13 Jun 2022 9:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മണിച്ചന്‍ പുറത്തേക്ക്; ജയില്‍ മോചിതനാകുന്നത് 22 വര്‍ഷത്തെ തടവിന് ശേഷം
X

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസ് പ്രതി മണിച്ചന് മോചനം. ​ഗവർണർ മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലിൽ ഒപ്പിട്ടു. മണിച്ചനടക്കം 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്.

ആഴ്ചകൾക്ക് മുൻപ് തടവുകാരെ മോചിപ്പിക്കാനുള്ള ഫയൽ സർക്കാർ ​ഗവർണർക്ക് അയച്ചിരുന്നു. എന്നാൽ 33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവർണ്ണർ ഫയൽ തിരിച്ചയച്ചിരുന്നു. തുടർന്ന് വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരിൽ 33 പേരെ വിടാൻ തീരുമാനം എടുത്തത് എന്ന് സർക്കാർ വിശദീകരണം നൽകി. 20 വർഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം. മണിച്ചന്റെ മോചനത്തിൽ നാലാഴ്ച്ചക്കുള്ളിൽ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതിയും നിർദേശിച്ചിരുന്നു. ഇതോടെയാണ് മണിച്ച​ന്റെ മോചനത്തിലേക്കുള്ള വഴി തുറന്നത്.

കല്ലുവാതുക്കൽ മദ്യ ദുരന്തം

2000 ഒക്‌ടോബർ 21ന് കല്ലുവാതുക്കലിൽ 31 പേർ വ്യാജമദ്യം കഴിച്ച് മരിക്കാനും ആറ് പേർക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കൽ മദ്യ ദുരന്തം. മണിച്ചൻ, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാർ, എന്നിവരും പ്രതികളായിരുന്നു. ഹയറുന്നിസ ജയിൽ ശിക്ഷ അനുഭവിക്കവെ കരൾ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാർ, മനോഹരൻ എന്നിവരും പ്രതികളാണ്. 49-ാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു.

വ്യാജ മദ്യം കഴിച്ച് 31 പേരാണ് അന്ന് മരിച്ചത്. ആറുപേർക്ക് കാഴ്ച നഷ്ടമാവുകയും 500 പേർ ചികിത്സ തേടുകയും ചെയ്തിരുന്നു. കേസിൽ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനിൽക്കൽ, കാഴ്ചനഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷംകലർത്തൽ, തെളിവ് നശിപ്പിക്കൽ, സ്പിരിറ്റ് കടത്തൽ, ചാരായവിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കായി മറ്റൊരു 43 വർഷവും വിധിച്ചിരുന്നു. കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ മറ്റ് പ്രതികളും മണിച്ചന്റെ സഹോദരങ്ങളുമായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് നേരത്തെ ശിക്ഷ ഇളവ് നൽകിയിരുന്നു. കഴിഞ്ഞവർഷമാണ് ഇരുവരെയും വിട്ടയച്ചത്. പൂജപ്പുര സെൻട്രൻ ജയിലിലായിരുന്ന മണിച്ചൻ നിലവിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണുള്ളത്. ജയിലിൽ മികച്ച കർഷകനായാണ് മണിച്ചൻ അറിയപ്പെടുന്നത്.

Story Highlights : Manichan out; Released from prison after 22 years in prison

Next Story