'ഇപ്പോള്‍ സംതൃപ്തി മാത്രം'; മാണി സി കാപ്പന് യുഡിഎഫ് വേദിയില്‍
വിഡി സതീശനെ ഷാളണിയിച്ച് സ്വീകരിച്ചതിന് പിന്നാലെ കാപ്പന് വേദി വിട്ടു
1 April 2022 12:33 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: കോട്ടയത്തെ യുഡിഎഫിന്റെ കെ റെയില്‍ വിരുദ്ധ പ്രതിഷേധത്തില്‍ മാണി സി കാപ്പന് പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശന് പങ്കെടുത്ത പരിപാടിയിലാണ് മാണി സി കാപ്പന് എത്തിയത്. പ്രതിപക്ഷ നേതാവിനെ കാപ്പന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. യുഡിഎഫ് അവഗണിക്കുന്നു എന്ന കാപ്പന്റെ പരസ്യ പ്രസ്താവനയ്ക്ക ശേഷമുള്ള ആദ്യ പൊതുപരിപാടിയാണിത്. വിഡി സതീശനെ ഷാളണിയിച്ച് സ്വീകരിച്ചതിന് പിന്നാലെ കാപ്പന് വേദി വിട്ടു.
എല്ലാം പ്രശ്നങ്ങളും കഴിഞ്ഞുവെന്ന് ഇതിന് പിന്നാലെ കാപ്പന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു അസംതൃപ്തിയും ഇപ്പോള്‍ ഇല്ല. സംതൃപ്തി മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫില്‍ സംഘാടനമില്ലെന്നും ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയാണെന്നുമായിരുന്നു കാപ്പന്റെ വിമര്‍ശനം. മുന്നണിയില്‍ അസ്വസ്ഥതകളുണ്ടെന്നും യുഡിഎഫ് പരിപാടികളൊന്നും അറിയിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.
യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യുഡിഎഫില്‍. എന്നാല്‍ ഇടതുമുന്നണിയില്‍ ഇത്തരം പ്രതിസന്ധിയില്ല. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനാണെന്ന് വി.ഡി സതീശന് പറയുന്നു. ഇത് സംഘാടനം ഇല്ലാത്തതിന്റെ പ്രശ്നമാണ്. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നും കാപ്പന് പറഞ്ഞിരുന്നു.
എന്നാല്‍, മാണി സി കാപ്പന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ യുഡിഎഫ് ചെയര്‍മാനായ തന്നോടോ കണ്‍വീനറോടോ പറയാമെന്നും മറിച്ചുള്ള പരസ്യ പ്രതികരണം അനൗചിത്യമാണെന്നും വിഡി സതീശന് മറുപടി നല്‍കിയിരുന്നു. ഘടകക്ഷികളുടെ പരാതികള്‍ പരിശോധിച്ച് പരിഹരിക്കുമെന്നും വി ഡി സതീശന് അറിയിച്ചിരുന്നു.
'യുഡിഎഫ് ചെയര്‍മാനാണ് ഞാന്‍. മാണി സി കാപ്പന് അത്തരമൊരു പരാതി എന്റെ അടുത്ത് ഉന്നയിച്ചിട്ടില്ല. എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത് പോലെയല്ല യുഡിഎഫ് സംവിധാനം. യുഡിഎഫിന്റേത് മറ്റൊരു രീതിയാണ്. മാണി സി കാപ്പന് എല്‍ഡിഎഫില്‍ നിന്നും വന്നതുകൊണ്ടാവാം അപരിചിതമായി തോന്നുന്നത്. മാണി സി കാപ്പന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ എന്നോട് ഉന്നയിക്കാം. അല്ലെങ്കില്‍ കണ്‍വീനറോട് പറയാം. പരസ്യ പ്രതികരണം. അനൗചിത്യമായിരുന്നു. എന്ത് പരാതിയുണ്ടെങ്കിലും അത് പരിശോധിക്കും. ഘടകകക്ഷികളാവുമ്പോള് പല അഭിപ്രായുമുണ്ടാവും. ആര്‍എസ്പിയുമായുളള പ്രശ്നങ്ങള്‍ പരിഹരിച്ചു. ഘടക കക്ഷികളുടെ വലിപ്പ ചെറുപ്പം നോക്കിയിട്ടല്ല കോണ്‍ഗ്രസ് പെരുമാറുന്നത്.' എന്നായിരുന്നു വി ഡി സതീശന്റെ മറുപടി.
STORY HIGHLIGHTS: Mani C Kappan attends UDF programme