'യുഡിഎഫില്‍ ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥ'; തുറന്നടിച്ച് കാപ്പന്; 'ഇത്തരം പ്രതിസന്ധി എല്‍ഡിഎഫില്‍ ഇല്ല'
സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നും കാപ്പന്.
31 March 2022 3:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുഡിഎഫ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് മാണി സി കാപ്പന് എംഎല്‍എ രംഗത്ത്. മുന്നണിയില്‍ സംഘാടനം ഇല്ലെന്നും ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യുഡിഎഫിലുള്ളതെന്ന് മാണി സി കാപ്പന് പറഞ്ഞു.
''മുന്നണിയില്‍ അസ്വസ്ഥതകളുണ്ട്. യുഡിഎഫ് പരിപാടികളൊന്നും എന്നെ അറിയിക്കുന്നില്ല. യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യുഡിഎഫില്‍. എന്നാല്‍ ഇടതുമുന്നണിയില്‍ ഇത്തരം പ്രതിസന്ധിയില്ല. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനാണെന്ന് വി.ഡി സതീശന് പറയുന്നു. ഇത് സംഘാടനം ഇല്ലാത്തതിന്റെ പ്രശ്നമാണ്. ''-മാണി സി കാപ്പന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നും കാപ്പന് പറഞ്ഞു. ''എല്‍ഡിഎഫിലേക്ക് തിരികെ പോകുന്ന കാര്യം ഉദിക്കുന്നില്ല. യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം.''-മാണി സി കാപ്പന് പറഞ്ഞു.
- TAGS:
- Mani C Kappan
- UDF
- Kerala
- LDF