Top

പൊലീസുകാരന്റെ മാമ്പഴ മോഷണം: ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിനെതിരെ പൊലീസ്

കേസ് ഒത്തു തീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു

19 Oct 2022 7:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസുകാരന്റെ മാമ്പഴ മോഷണം: ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിനെതിരെ പൊലീസ്
X

കോട്ടയം: കാഞ്ഞിരപ്പിള്ളിയില്‍ പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തു തീര്‍പ്പാക്കാനുള്ള നീക്കത്തിനെതിരെ പൊലീസ്. മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്നത് ഗൗരവകരമാണ്. കേസ് ഒത്തു തീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാഞ്ഞിരപ്പള്ളി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് എതിര്‍പ്പ് അറിയിച്ചത്.

വ്യക്തിപരമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പഴക്കട ഉടമയായിരുന്നു കഴിഞ്ഞ ദിവസം കാഞ്ഞിരപ്പിള്ളി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ തന്നെ കേസില്‍ നിന്നും പിന്നോട്ടില്ലെന്നും മാതൃകാപരമായ സമീപനം തന്നെ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. കട ഉടമയുടെ അപേക്ഷയില്‍ പൊലീസ് എതിര്‍വാദം സമര്‍പ്പിക്കുകയും ചെയ്തു.

കേസ് കാഞ്ഞിരപ്പള്ളി കോടതിയില്‍ തീര്‍പ്പായില്ലെങ്കില്‍, എഫ്ഐആര്‍ ക്വാഷ് ചെയ്യുന്നതിനായി കട ഉടമ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം കേസില്‍ പ്രതിയായ പൊലീസുദ്യോഗസ്ഥന്‍ പി വി ഷിഹാബിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലും പ്രതിയാണ് ഇയാള്‍. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചിരുന്നു.

Story Highlights: Mango Theft Case Police Submitted Report In Court

Next Story