Top

കുഞ്ഞാലിപ്പാറ സമര പോരാളി മാങ്കായി പാപ്പു ഓര്‍മ്മയായി; ടിപ്പര്‍ ലോറിക്ക് മുന്നില്‍ നെഞ്ചൂക്കോടെ നിന്ന 92കാരന്‍

മറ്റത്തൂരിലെ മലയോര ഗ്രാമമായ ഒമ്പതുങ്ങല്‍ കുഞ്ഞാലിപ്പാറയിലെ മെറ്റല്‍ ക്രഷറും ക്വാറിയും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ ജനകീയസമരത്തില്‍ തുടക്കം മുതലേ പാപ്പുവുണ്ടായിരുന്നു

18 Aug 2022 7:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാലിപ്പാറ സമര പോരാളി മാങ്കായി പാപ്പു ഓര്‍മ്മയായി; ടിപ്പര്‍ ലോറിക്ക് മുന്നില്‍ നെഞ്ചൂക്കോടെ നിന്ന 92കാരന്‍
X

തൃശൂർ: മറ്റത്തൂര്‍ കുഞ്ഞാലിപാറയിലെ സ്വകാര്യ ക്രഷറിനും ക്വാറിക്കുമെതിരെ നടന്ന സമരത്തില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ വകവയ്ക്കാതെ മുന്‍പന്തിയില്‍ നിന്ന മാങ്കായി പാപ്പു എന്ന വറീത് (92) ഓര്‍മ്മയായി. ചെറുത്ത് നില്‍പ്പിന് പ്രായമോ ആരോഗ്യമോ തടസ്സമല്ലെന്ന് തെളിയിച്ച പാപ്പു സമരത്തില്‍ അണിനിരന്ന നാട്ടുകാര്‍ക്ക് പകര്‍ന്നു നല്‍കിയ ആത്മവീര്യം ചെറുതല്ല. ക്വാറിയിലെ ഖനനത്തിനായി വന്ന ടിപ്പര്‍ ലോറിയുടെ മുന്നില്‍ ചങ്കുറപ്പോടെ നിന്ന ആ വയോധികന്‍ വരും തലമുറയ്ക്ക് വേണ്ടിയാണ് സമര മുഖത്തെത്തിയത്.

മറ്റത്തൂരിലെ മലയോര ഗ്രാമമായ ഒമ്പതുങ്ങല്‍ കുഞ്ഞാലിപ്പാറയിലെ മെറ്റല്‍ ക്രഷറും ക്വാറിയും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ ജനകീയസമരത്തില്‍ തുടക്കം മുതലേ പാപ്പുവുണ്ടായിരുന്നു. സ്വകാര്യ ക്രഷര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന് തൊട്ടടുത്താണ് പാപ്പുവിന്റെ വീട്. ക്രഷറില്‍ നിന്നുള്ള ശബ്ദവും ലോറികളുടെ ചീറിപ്പാച്ചിലും പൊടിശല്യവും സമാധാന ജീവിതത്തിന് ഭംഗം വരുത്തിയതാണ് സമരത്തില്‍ പോരാളിയാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പാപ്പു പറയുമായിരുന്നു. കുഞ്ഞാലിപ്പാറയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ പാപ്പുവും അതില്‍ കണ്ണി ചേര്‍ന്നു. പാപ്പുവിനൊപ്പം മക്കളും പേരക്കുട്ടികളും സമരത്തിലുണ്ടായിരുന്നു.

നേരത്തെ കാര്യമായ അസുഖങ്ങള്‍ ഇല്ലാതിരുന്ന തനിക്ക് ചുമ പിടിപെട്ടത് ക്രഷറി വന്നതിന് ശേഷമാണെന്നും പാറമണല്‍ കഴുകിയശേഷം പുറത്തേക്ക് വരുന്ന മലിനജലം മൂലം തന്റെ കിണറിലെ വെള്ളം മലിനമായെന്നും പാപ്പു പരാതിപ്പെട്ടിരുന്നു. ദിവസത്തില്‍ അഞ്ച് മണിക്കൂറെങ്കിലും ഈ വയോധികന്‍ കുഞ്ഞാലിപ്പാറ സമരപന്തലില്‍ വന്നിരിക്കുമായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെയായിരുന്നു എത്തിയിരുന്നത്. ഏറെ നേരം സമരപ്പന്തലില്‍ ഇരിക്കുമ്പോള്‍ നടുവേദന അലട്ടുന്നതിനാല്‍ കുറച്ച് നേരം വീട്ടില്‍ പോയി കിടക്കും. വേദന കുറഞ്ഞാല്‍ വീണ്ടും സമരപ്പന്തലിലെത്തും. ഈ പ്രായത്തിലും സമരത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ തന്റെ കാലശേഷം മക്കള്‍ക്കും അവരുടെ മക്കള്‍ക്കും ഇവിടെ ജീവിക്കണം എന്നായിരുന്നു പാപ്പുവിന്റെ വിശദീകരണം.

സംസ്‌കാരം നടത്തി. ഭാര്യ: ത്രേസ്യ. മക്കള്‍: പൗലോസ്, എല്‍സി, ജോണ്‍സന്‍, മേഴ്‌സി, ഡേവീസ്, സോജ, ജോയി. മരുമക്കള്‍: ലിസി, പരേതനായ ജോണ്‍സന്‍, സീന, വര്‍ഗീസ്, ജിനി, സജി, റിജി.

STORY HIGHLIGHTS: Mangayi Paappu Who Foughted Against Quarry and Crusher in Kunjalippara, Passed Away

Next Story