മങ്കയം മലവെള്ളപ്പാച്ചില്‍; ആറു വയസുകാരി ആശുപത്രിയില്‍ മരിച്ചു, അമ്മയ്ക്കായി തിരച്ചില്‍
കുട്ടിയുടെ അമ്മയ്ക്കായി തിരച്ചില്‍ തുടരുകയാണ്
4 Sep 2022 3:00 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: പാലോട് മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട ആറുവയസ്സുകാരി മരിച്ചു. ഒഴുക്കില്‍ കാണാതായ കുട്ടിയെ ഒരു കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും മരണപ്പെടുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്കായി തിരച്ചില്‍ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട പത്തംഗ സംഘത്തിലെ എട്ട് പേരെയും രക്ഷപ്പെടുത്തി.
ഇന്ന് വൈകീട്ടോടെയായിരുന്നു മങ്കയം ബ്രൈമൂറിനടുത്ത് മലവെള്ളപ്പാച്ചിലുണ്ടായത്. വിനോദ സഞ്ചാരത്തിനായെത്തിയ പത്തംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് ഒഴുക്കില്‍പ്പെട്ട എട്ടുപേരെ രക്ഷിച്ചത്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.
പിന്നീട് അമ്മയ്ക്കും കുട്ടിക്കുമായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. നെടുമങ്ങാട് പുളിഞ്ചി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
STORY HIGHLIGHTS: Mangayam Floods, 6 Year Old Nazriya Fathima Dies in Hospital