Top

മംഗളൂരു സ്‌ഫോടന കേസ് പ്രതി ആലുവയിലും എത്തി; അന്വേഷണം കേരളത്തിലേക്ക്

സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് സംഭവത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ആലുവയില്‍ എത്തിയതായി സ്ഥിരീകരിച്ചു

21 Nov 2022 12:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മംഗളൂരു സ്‌ഫോടന കേസ് പ്രതി ആലുവയിലും എത്തി; അന്വേഷണം കേരളത്തിലേക്ക്
X

കൊച്ചി: മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് സംഭവത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ആലുവയില്‍ എത്തിയതായി സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഇതുസംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മംഗളൂരുവിലെത്തി. കര്‍ണാടക പൊലീസിന്റെ അന്വേഷണവും കേരളത്തിലേക്കും തമിഴിനാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

കുക്കര്‍ ബോംബ് നിര്‍മ്മിക്കുന്നതിനാവശ്യമായ ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആലുവയില്‍ വെച്ചാണ് ഷാരിഖ് ഇത് കൈപ്പറ്റിയതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് അന്വേഷം കേരളത്തിലേക്കും വ്യാപിപ്പിച്ചത്. കേരളത്തിലെ ആര്‍ക്കെങ്കിലും സ്‌ഫോടന ആസൂത്രണത്തില്‍ അടക്കം പങ്കുണ്ടോ എന്നാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നത്.

കോയമ്പത്തൂരില്‍ കാറില്‍ സ്‌ഫോടനമുണ്ടായതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷാരിഖ് കോയമ്പത്തൂരില്‍ പോയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് മധുര, നാഗര്‍കോവില്‍ വഴിയാണ് ഷാരിഖ് ആലുവയിലെത്തിയത്. ആലുവയിലെത്തിയ ഇയാള്‍ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നതെന്നാണ് സൂചന. ഇക്കാര്യങ്ങളുള്‍പ്പടെ അന്വേഷണസംഘം പരിശോധിക്കും.

ശനിയാഴ്ചയായിരുന്നു മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനായ ഷാരിഖിനും പരുക്കേറ്റിരുന്നു. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി. പരിശോധനയില്‍ ഓട്ടോയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെത്തുകയും ചെയ്തു. കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചതോടെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.

Story Highlights: Mangaluru Case Investigation Extends To Kerala

Next Story