മംഗളൂരു സ്ഫോടനക്കേസ്; പ്രതി ആലുവയിലെ ലോഡ്ജില്‍ താമസിച്ചതിന് സ്ഥിരീകരണം
ലോഡ്ജ് ഉടമയെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു
22 Nov 2022 5:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: മംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് ആലുവയിലെത്തി ലോഡ്ജില്‍ താമസിച്ചതായി സ്ഥിരീകരണം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ ഇവിടെ താമസിച്ചത്. ലോഡ്ജ് ഉടമയെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു.
ആലുവയിലെത്തിയ ഷാരിഖ് അഞ്ച് ദിവസം ലോഡ്ജില്‍ തങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ലോഡ്ജിന്റെ വിലാസത്തില്‍ ഇയാള്‍ ഓണ്‍ലൈനായി ചില വസ്തുക്കള്‍ വാങ്ങിയിരുന്നു. വാങ്ങിയ വസ്തുക്കളുടെ കാര്യത്തിലും ദുരൂഹതയുണ്ട്. ഇയാള്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് എത്തിയതായും സ്ഥിരീകരണമുണ്ട്. ഷാരിഖ് താമസിച്ച ലോഡ്ജില്‍ പരിശോധന നടത്തിയ അന്വേഷണം സംഘം ഇയാള്‍ ആരെയൊക്കെയാണ് കണ്ടതെന്നും പരിശോധിക്കുന്നുണ്ട്.
മംഗളൂരു സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഷാരിഖ് ആലുവയിലെത്തിയതായി നേരത്തെ തന്നെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കേരളത്തില്‍ വ്യാപിപ്പിക്കാനും, സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം നടത്താനും തീരുമാനിച്ചത്. ഓണ്‍ലൈനായി വാങ്ങിയ ബോംബ് നിര്‍മ്മിക്കാനാവശ്യമായ ചില വസ്തുക്കള്‍ ആലുവയില്‍ വെച്ചാണ് പ്രതി കൈപ്പറ്റിയതെന്നാണ് വിവരം.
കോയമ്പത്തൂരില്‍ കാറില്‍ സ്ഫോടനമുണ്ടായതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷാരിഖ് കോയമ്പത്തൂരില്‍ പോയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് മധുര, നാഗര്‍കോവില്‍ വഴിയാണ് ഷാരിഖ് ആലുവയിലെത്തിയത്.
ശനിയാഴ്ചയായിരുന്നു മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനായ ഷാരിഖിനും പരുക്കേറ്റിരുന്നു. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്കി. പരിശോധനയില്‍ ഓട്ടോയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെത്തുകയും ചെയ്തു.
Story Highlights: Mangaluru Case Investigation Continuing Updates
- TAGS:
- Mangaluru
- Investigation
- Aluva