'മകനെ പെരുവഴിയിലാക്കി സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു, സുഹൃത്തുക്കളെ മര്‍ദ്ദിച്ചു'; മഞ്ചേരി പൊലീസിനെതിരെ യുവതിയുടെ പരാതി
"സി ഐയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം പോലീസുകാര്‍ അവിടെ എത്തിച്ചേരുകയും, എന്നെയും എന്റെ സഹോദരങ്ങളെയും എന്റെ മകന്റെ മുന്നില്‍ വച്ച് മര്‍ദ്ദിക്കുകയും വലിച്ചിഴച്ചു പോലീസ് വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക് കൊണ്ടുപോകുകയും ചെയ്തു."
18 Oct 2022 11:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: രാത്രിയില്‍ സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തുപോയതിന്റെ പേരില്‍ പൊലീസില്‍ നിന്ന് അതിക്രമവും ഭീഷണിയും നേരിടേണ്ടി വന്നെന്ന് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ കൂടിയായ അമൃത എന്‍ ജോസാണ് മഞ്ചേരി പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. യാത്രാ മധ്യേ നിലമ്പൂര്‍ റോഡില്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ എസ് ഐയും സംഘവും അപമര്യാദയായി പെരുമാറിയെന്ന് മഞ്ചേരി നെട്ടടി സ്വദേശിനി ആരോപിച്ചു. പൊലീസുകാര്‍ വാഹനം അതിക്രമിച്ച് തുറന്ന് പരിശോധന നടത്തി. പത്ത് വയസുകാരനായ കുട്ടി ഒപ്പമുണ്ടായിട്ടും മര്യാദയില്ലാതെ പെരുമാറി. പൊലീസ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അസഭ്യം പറഞ്ഞു. സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച സഹോദരനില്‍ നിന്നും ഫോണ്‍ ബലം പ്രയോഗിച്ച് കൈക്കലാക്കിയെന്നും അമൃത പരാതിപ്പെട്ടു.
'എന്നെയും എന്റെ സഹോദരങ്ങളെയും എന്റെ മകന്റെ മുന്നില്‍ വച്ച് മര്‍ദിക്കുകയും വലിച്ചിഴച്ചു പോലീസ് വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക് കൊണ്ടുപോവുകയും ചെയ്തു. എന്റെ മകനെ വഴിയരികില്‍ അനാഥമാക്കിക്കൊണ്ടാണ് എന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനില്‍ എത്തിയ ഞങ്ങളോട് വീണ്ടും പോലീസുകാര്‍ അപമര്യാദയോടെ പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു,' യുവതി പരാതിപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന പൊലീസ് മേധാവി, വനിതാ കമ്മീഷന്, ശിശു ക്ഷേമ വകുപ്പ് എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അമൃതയേയും കൂടെയുള്ളവരേയും ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയിട്ടുണ്ട്.
യുവതിയുടെ പരാതി
ബഹുമാനപ്പെട്ട സര് ,
'അമൃത എന്‍ ജോസ് എന്ന ഞാന്‍, 29 വയസ്, നെട്ടടിയില് ഹൌസ് കൂമന്‍കുളം മഞ്ചേരി എന്ന വിലാസത്തില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ്. 14/10/ 2022 വെള്ളിയാഴ്ച ദിവസം ഏകദേശം രാത്രി പത്തു മണിയോടെ ഞാനും, എന്റെ പത്തു വയസായ മകനും, സഹോദരങ്ങളും, സുഹൃത്തുക്കളും കൂടി യാത്രാമധ്യേ മഞ്ചേരി നിലമ്പൂര്‍ റോഡില്‍ ചായകുടിക്കുവാന്‍ ഇറങ്ങുകയുണ്ടായി. ഇതേസമയം, മഞ്ചേരി പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വന്ന ഒരു സംഘം പോലീസുകാര്‍ വാഹനം അതിക്രമിച്ചു തുറക്കുകയും പരിശോധന നടത്തുകയും ഉണ്ടായി. ഞങ്ങള്‍ സ്ത്രീയും കുട്ടിയും അടങ്ങിയ സംഘമാണ് എന്ന് മനസ്സിലായിട്ടും നിയമപരമായി പാലിക്കേണ്ട യാതൊരുവിധ മര്യാദകളും പാലിക്കാതെയാണ് വാഹനം പരിശോധിക്കുകയുണ്ടായത്. വാഹനം പരിശോധിച്ചതിന്റെ കാരണം അന്വേഷിച്ച എന്നോട് അപമര്യാദയായി പെരുമാറുകയും എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അസഭ്യം പറയുകയും ചെയ്തു. ഈ സംഭവങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ ശ്രമിച്ച എന്റെ സഹോദരനില്‍നിന്നു ബലം പ്രയോഗിച്ചു ഫോണ്‍ കൈക്കലാക്കുകയും തുടര്‍ന്ന് ഉപദ്രവം ഏല്പിക്കുന്ന രീതിയില്‍ കൈപിടിച്ചു തിരിക്കുകയും ഉണ്ടായി.
പിന്നീട് ആളുകള്‍ കൂടുന്നത് കാണുകയും മേല്പറഞ്ഞ പോലീസുകാരന് ഫോണ്‍ പിടിച്ചു വാങ്ങിയിട്ടില്ലെന്നും അനുവാദത്തോടു കൂടിയാണ് വാഹനം പരിശോധിച്ചത് എന്ന വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ അവിടെ കൂടിയ ആളുകള്‍ കേള്‍ക്കുന്നതിനുവേണ്ടി പറയുകയുണ്ടായി. ആ പറയുന്നത് ഫോണില്‍ പകര്‍ത്താന്‍ കൂടെയുണ്ടായിരുന്ന പോലീസുകാരന് സബ് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അല്പ സമയത്തിനകം, സി ഐയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം പോലീസുകാര്‍ അവിടെ എത്തിച്ചേരുകയും, എന്നെയും എന്റെ സഹോദരങ്ങളെയും എന്റെ മകന്റെ മുന്നില്‍ വച്ച് മര്‍ദ്ദിക്കുകയും വലിച്ചിഴച്ചു പോലീസ് വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക് കൊണ്ടുപോകുകയും ചെയ്തു. എന്റെ മകനെ വഴിയരികില്‍ അനാഥമാക്കിക്കൊണ്ടാണ് എന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പൊലീസ് സ്റ്റേഷനില്‍ എത്തിയ ഞങ്ങളോട് വീണ്ടും പൊലീസുകാര്‍ അപമര്യാദയോടെ പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. യൂണിഫോമില്‍ അല്ലാത്ത ഒരു ഉദ്യോഗസ്ഥന് ഞങ്ങള്‍ക്ക് മുന്നില്‍ വന്നു ഇരിക്കുകയും തുടര്‍ന്ന് 'ഞാന്‍ ഇവിടുത്തെ രാജാവാണെന്നും' 'നിങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ എനിക്കറിയാമെന്നും' 'എന്റെ കാല് കഴുകിയ വെള്ളം കുടിക്കാതെ നിങ്ങളെ വിടില്ല' എന്നൊക്കെ ആക്രോശിക്കുകയും, ഞങ്ങളെ ഇരിക്കാന്‍ യോഗ്യരല്ല എന്ന് പറഞ്ഞുകൊണ്ട് ഇരിക്കാന്‍ അനുവദിക്കാതെ നിര്‍ത്തുകയും ചെയ്തു.
വിവരങ്ങള്‍ അറിയാന്‍ മകനുമായി എത്തിയ എന്റെ സുഹൃത്തുക്കളെ അന്യ ജില്ലക്കാര്‍ എന്ന് പറഞ്ഞുകൊണ്ട് മര്‍ദ്ദിക്കുകയും സ്റ്റേഷനിലേക്ക് വലിച്ചു കയറ്റുകയും ചെയ്തു. പുലര്‍ച്ചെ മൂന്നു മണി വരെ എന്റെ മകനെ ഒന്ന് കാണുവാനോ ആശ്വസിപ്പിക്കുവാനോ പോലും പൊലീസുകാര്‍ അനുവദിച്ചില്ല. യാതൊരുവിധ കാരണങ്ങളും ഞങ്ങളുടെ അനുവാദവും ഇല്ലാതെ അതിക്രമിച്ചു വാഹന പരിശോധന നടത്തുകയും ഞങ്ങളോട് അപമര്യാദയായി പെരുമാറുകയും എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ മകന്റെയും സഹോദരങ്ങളുടെയും മുന്നില്‍ വെച്ച് എന്നെ അസഭ്യം പറയുകയും അകാരണമായി സ്റ്റേഷനില്‍ കൊണ്ടുപോയി തടഞ്ഞുവെക്കുകയും യാതൊരുവിധ മാനുഷിക പരിഗണനയും നല്‍കാതെ ഞങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു. മഞ്ചേരി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ക്കെതിരെ കൃത്യവും മാതൃകാപരവുമായിട്ടുള്ള അന്വേഷണം നടത്തി വകുപ്പുതല നടപടികള്‍ സ്വീകരിച്ചു കേസ് രജിസ്റ്റര്‍ ചെയ്ത്, ബഹുമാനപ്പെട്ട കോടതി മുമ്പാകെ എത്തിച്ചു പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.'
STORY HIGHLIGHTS: mancheri police manhandled threatened complains Instagram model