കണ്ണൂരിലെ മൊയ്ദീൻ പള്ളിയിൽ ചാണകം എറിഞ്ഞയാൾ അറസ്റ്റിൽ
വിശ്വാസികൾ നിസ്കരിക്കുന്ന സ്ഥലത്തും പ്രസംഗ പീഢത്തിന് സമീപത്തുമായി ആരോ ചാണകം കൊണ്ടു വന്ന് ഇട്ടതായി ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
16 July 2022 4:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ: മൊയ്ദീൻ പളളിയിൽ ചാണകം കൊണ്ടുവന്നിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശി ദസ്തക്കീർ (52) ആണ് പിടിയിലായത്. ഇന്നലെ ജുമുഅ പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയ ശേഷമായിരുന്നു സംഭവം. വിശ്വാസികൾ നിസ്കരിക്കുന്ന സ്ഥലത്തും പ്രസംഗ പീഢത്തിന് സമീപത്തുമായി ആരോ ചാണകം കൊണ്ടു വന്ന് ഇട്ടതായി ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇരിണാവ് ഡാമിന് സമീപത്തുനിന്നാണ് ദസ്തക്കീറിനെ പിടികൂടിയത്. നേരത്തേ മൂന്ന് പേർ പോലീസിൻ്റെ സംശയത്തിലുണ്ടായിരുന്നു. എന്നാൽ പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും 75 ഓളം സിസിടിവികൾ പരിശോധിച്ചതോടെ ഒരാൾ മാത്രമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.
സംഭവത്തിന് പിന്നിൽ ആസൂത്രണമില്ലെന്നാണ് പൊലീസിൻ്റെ നിഗമനം. ഡിഐജി രാഹുൽ ആർ നായർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അടക്കമുള്ള പൊലീസ് സംഘം സംഭവമറിഞ്ഞയുടനെ സ്ഥലത്തെത്തിയിരുന്നു.
അളളാഹുവിൽ വലിയ വിശ്വാസമുണ്ടായിട്ടും സാമ്പത്തികമായി ഒന്നും നേടാൻ കഴിയാത്തതിലെ പ്രയാസമാണ് ചാണകമെറിഞ്ഞ് പ്രതിഷേധിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ചാണകമെറിഞ്ഞതോടെ അളളാഹു നേർവഴി കാണിച്ച് തരുമെന്ന് വിശ്വസിക്കുന്നതായും ദസ്തക്കീർ പൊലീസിനോട് പറഞ്ഞു. നേരത്തേ ഈ പള്ളിയിൽ നിസ്കരിക്കുന്നതിനിടെ പെട്ടെന്ന് എഴുന്നേൽപ്പിച്ചിരുന്നതായും അതിലെ വൈരാഗ്യമാണ് ഇത്തരത്തിൽ ചെയ്യാൻ കാരണമെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നുണ്ട്. കൂടുതൽ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്നും കമ്മീഷണർ പറഞ്ഞു.
STORY HIGHLIGHTS: Man who Threw Cow Dung at Moideen Mosque in Kannur Arrested
- TAGS:
- Moideen Mosque
- Kannur
- Arrested