ജഗതി കഥാപാത്രത്തെ വെല്ലും മോഷണം; പൊലീസ് ചമഞ്ഞ് യാത്രികരുടെ പണം തട്ടിയ ആള് പിടിയില്‍
പൊലീസുകാരന് എന്ന ഭാവത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞു നിര്‍ത്തിയ ശേഷം പോക്കറ്റില്‍ നിന്ന് 5,000 രൂപയും യാത്രക്കാരന് ധരിച്ചിരുന്ന ഒരു ഗ്രാമിന്റെ സ്വര്‍ണ്ണക്കമ്മലും തട്ടുകയായിരുന്നു
9 Aug 2022 5:20 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: പൊലീസ് ചമഞ്ഞ് കവര്‍ച്ച നടത്തിയിരുന്നയാള്‍ പടിയില്‍. ചെങ്ങന്നൂര്‍ ഇടനാട് ദേവീ ക്ഷേത്രത്തിനു സമീപം മാലേത്ത് പുത്തന്‍വീട്ടില്‍ കുട്ടന് ബാബുവിന്റെ മകന് അനീഷ് കുമാര്‍ പി ബി (36) ആണ് പിടിയിലായത്. പൊലീസുകാരന് എന്ന ഭാവത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞു നിര്‍ത്തിയ ശേഷം പോക്കറ്റില്‍ നിന്ന് 5,000 രൂപയും യാത്രക്കാരന് ധരിച്ചിരുന്ന ഒരു ഗ്രാമിന്റെ സ്വര്‍ണ്ണക്കമ്മലും തട്ടുകയായിരുന്നു. വളഞ്ഞവട്ടം കോട്ടക്കാമാലി വട്ടയ്ക്കാട്ട് വീട്ടില്‍ വിജയന് (60) ആണ് കവര്‍ച്ചയ്ക്കിരയായത്. പ്രതി അനീഷിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച്ച രാവിലെ 10.30 ന് വളഞ്ഞവട്ടം ബീവറേജിന് സമീപം അച്ഛന്‍പടി റോഡിലായിരുന്നു സംഭവം. സ്കൂട്ടറില്‍ വരികയായിരുന്ന വിജയനെ പ്രതി അനീഷ് പിന്തുടര്ന്ന് വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. പൊലീസെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ മുടി വെട്ടി, ക്ലീന്‍ ഷേവ് ചെയ്ത അനീഷ് വിജയനോട് പണവും കമ്മലും ആവശ്യപ്പെടുകയും ചെയ്തു. സംഭവം നടന്നു രണ്ടാം ദിവസം തന്നെ പ്രതി പോലീസിന്റെ വലയിലായി. തട്ടിപ്പിനിരയായി എന്ന് മനസ്സിലാക്കിയ വിജയന് പൊലീസില്‍ പരാതി നല്കി. വിജയന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം ഇന്ന് ഇരുമല്ലിക്കരയില്‍ നിന്നും അനീഷിനെ പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിശദമായ ചോദ്യം ചെയ്യലില്‍ അനീഷ് കുറ്റം സമ്മതിച്ചു.തിരുവല്ല എസ് സി എസ് ജംഗ്ഷനിലുള്ള സ്ഥാപനത്തില്‍ സ്വര്‍ണകമ്മല്‍ വിറ്റ് 2,100 രൂപ വാങ്ങിയതായും, കവര്‍ന്നെടുത്ത 5,000 രൂപ പേഴ്സില്‍ ഉണ്ടെന്നും, സമാന രീതിയില്‍ മുമ്പും കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. തുടര്‍ന്ന് പണം പേഴ്സില്‍ നിന്നും പോലീസ് കണ്ടെടുത്തു. കമ്മല്‍ വിറ്റ സ്ഥാപനത്തിലെത്തി അന്വേഷണം നടത്തിയപ്പോള്‍, അത് ഉരുക്കിയതായി കണ്ടെത്തി. പൊലീസ് ഇന്‍സ്പെക്ടര്‍ ഇ ഡി ബിജുവിനൊപ്പം എസ് ഐ കവിരാജന്, എ എസ് ഐ പ്രകാശ്, പ്രസാദ്, എസ് സി പി ഓമാരായ പ്യാരിലാല്‍, അഖിലേഷ്, പ്രദീപ്, സി പി ഓ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
STORY HIGHLIGHTS: Police arrested the man who stole money from passengers disguised as police officer