Top

തോട്ടത്തിലെ അടിക്കാട് കത്തിക്കാന്‍ പോയ ഗൃഹനാഥന്‍ തീയിലകപ്പെട്ട് മരിച്ചു; സംഭവം മാനന്തവാടിയില്‍

തേട്ടത്തിലെ കാട് കത്തിക്കാന്‍ പോകുന്നെന്ന് മകളെ അറിയിച്ച ശേഷമാണ് തോമസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്

11 Jan 2023 3:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോട്ടത്തിലെ അടിക്കാട് കത്തിക്കാന്‍ പോയ ഗൃഹനാഥന്‍ തീയിലകപ്പെട്ട് മരിച്ചു; സംഭവം മാനന്തവാടിയില്‍
X

മാനന്തവാടി: റബ്ബര്‍ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാന്‍ പോയ ഗൃഹനാഥന്‍ തീയിലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുല്‍പ്പറമ്പില്‍ തോമസ്(77)ആണ് മരിച്ചത്. വീടിന് സമീപത്ത് തന്നെയുള്ള തോട്ടത്തില്‍ വെച്ചായിരുന്നു ദാരുണമായ അപകടം ഉണ്ടായത്. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. തേട്ടത്തിലെ കാട് കത്തിക്കാന്‍ പോകുന്നെന്ന് മകളെ അറിയിച്ച ശേഷമാണ് തോമസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

തോട്ടത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികള്‍ അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സാധാരണ തീപ്പിടിത്തമാണെന്ന് കരുതിയെത്തിയ അഗ്‌നി രക്ഷാ സേന ആംബുലന്‍സ് സന്നാഹം ഇല്ലാതെയാണ് പ്രദേശത്ത് എത്തിയത്. എന്നാല്‍ മാനന്തവാടി ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി സി ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം തീയണക്കുമ്പോഴാണ് തീയില്‍ ആള്‍ അകപ്പെട്ടു എന്ന കാര്യം മനസിലാകുന്നത്.

ഭാഗികമായി പൊള്ളലേറ്റ തോമസിനെ ഉടന്‍ തന്നെ ഫയര്‍ സ്റ്റേഷന്റെ വാഹനത്തില്‍ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശിപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും തോമസ് മരിച്ചു കഴിഞ്ഞിരുന്നു. മരണ കാരണം പുക ശ്വസിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി എസ്ഐ കെ കെ തോമസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Story Highlights: Man Died In Fire Accident In Wayanad

Next Story

Popular Stories