ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ
കുടുംബ കോടതിയിൽ ഇയാൾക്കെതിരെ ഭാര്യ പരാതി നൽകിയിരുന്നു
21 Jan 2023 6:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ബേപ്പൂർ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാൽരത്ത് ഹൗസിൽ കെ അജിത്ത് കുമാറിനെയാണ് (41) പൊലീസ് അറസ്റ്റു ചെയ്തത്.
കുടുംബ കോടതിയിൽ ഇയാൾക്കെതിരെ ഭാര്യ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി ഭാര്യാപിതാവിനെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം 13 നാണ് സംഭവം നടന്നത്. കുടുംബകോടതിയിൽ ഭാര്യ പരാതി നൽകിയതോടെ പ്രതി പ്രകോപിതനാവുകയും തുടർന്ന് ഇയാൾ 13 ന് വൈകീട്ട് വീട്ടിൽ കയറി തന്നെ വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നെന്നാണ് ഭാര്യാ പിതാവിന്റെ പരാതി.
പ്രതി തന്റെ നാഭിയ്ക്ക് തൊഴിച്ചെന്നും പട്ടിക കൊണ്ട് അടിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
STORY HIGHLIGHTS: youth arrested in kozhikode