Top

കാർ വാടകയ്ക്ക് എടുത്ത് പണയം വെച്ചു; പ്രതി പിടിയിൽ

5 Feb 2022 3:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാർ വാടകയ്ക്ക് എടുത്ത് പണയം വെച്ചു; പ്രതി പിടിയിൽ
X

തൃശ്ശൂര്‍ മതിലകത്ത് കാർ വാടകക്കെടുത്ത് പണയം വെച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം പുന്നയ്ക്ക ബസാർ സ്വദേശി ഷാരൂഖ് നെയാണ് എസ്.ഐ വി വി വിമലും സംഘവും അറസ്റ്റ് ചെയ്തത്. 2021 ഫെബ്രുവരിയിലാണ് മതിലകം പൊക്ലായ് സ്വദേശി വേണുഗോപാലിൻ്റെ കയ്യിൽ നിന്നും സ്വിഫ്റ്റ് കാർ ഒരാഴ്ച്ച കാലത്തേക്ക് പ്രതി വാടകക്കെടുത്തത്.

എന്നാൽ വാടകക്കെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും കാര്‍ തിരിച്ചു കിട്ടാതായതോടെ വേണുഗോപാൽ ആഗസ്റ്റ് മാസത്തിൽ മതിലകം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയി. പ്രതി തൃശൂരിൽ ഉണ്ടെന്നറിഞ്ഞ് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പണയം വെച്ച കാർ പോലീസിന് കണ്ടെടുക്കാനായിട്ടില്ല.

വാടകക്കെടുത്ത കാർ ഷാരൂഖ് വാടാനപ്പള്ളി സ്വദേശി അജ്മലിനും, അജ്മൽ എറണാകുളം സ്വദേശിയായ ഷെറിൻ തോമസ്, സജാസ് എന്നിവർക്കും പണയം വെച്ചതായി പോലീസ് പറഞ്ഞു. വാഹനങ്ങൾ പണയത്തിലെടുത്ത് മറിച്ചു വിൽക്കുന്ന സംഘത്തിൽപ്പെട്ടയാളാണ് സജാസ് എന്ന് പോലീസ് പറയുന്നു. ഈ കേസിൽ മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. ഷാരൂഖിനെതിരെ കയ്പമംഗലം പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസ് നിലവിലുണ്ട്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. സി.പി.ഒമാരായ മനോജ്, റഹീം എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Next Story