റമ്മി കളിച്ച് പോയത് ഒന്നര ലക്ഷം; പണം കണ്ടെത്താൻ അയൽവീടുകളിൽ മോഷണം, യുവാവ് പിടിയിൽ
20 Oct 2022 8:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: ഓൺലൈൻ റമ്മിയിലൂടെ നഷ്ടപ്പെട്ട പണം കണ്ടെത്താൻ അയൽവീടുകളിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പുതുലയം സ്വദേശി യാക്കൂബാണ് പിടിയിലായത്. ഇയാളുടെ അയൽവീടുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യവെയാണ് മോഷണത്തിന് പിന്നിൽ യാക്കൂബാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാർ മഞുമലയ്ക്ക് സമീപത്തെ ആറ് വീടുകളിൽ നിന്നും സ്വർണ്ണം മോഷണം പോയതായി പൊലീസിന് പരാതി ലഭിച്ചത്. പിന്നാലെ വീട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് യാക്കൂബിനെ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
പുതിയ വീട് പണിയാൻ മാതാപിതാക്കളിൽ നിന്നും മറ്റുമായി കിട്ടിയ ആറുലക്ഷം രൂപ യാക്കൂബിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. ഇതിൽ ഒന്നര ലക്ഷം രൂപയോളം ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ടു. ഈ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് യാക്കൂബ് പൊലീസിനോട് പറഞ്ഞു. മോഷ്ടിച്ച സ്വർണം വണ്ടിപ്പെരിയാറിലെ വിവിധ സ്ഥാപനങ്ങളിലായി പണയം വച്ചിരിക്കുകയാണ്. വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
STORY HIGHLIGHTS: Man arrested for stealing gold from neighboring houses in Idukki