Top

നാട്ടുകാരെ ഓടി നടന്ന് സഹായിക്കും, അതിനിടയില്‍ വീട് നോക്കി വെക്കും; ഒടുവില്‍ 'നന്മമരമായ' കള്ളന്‍ പിടിയില്‍

സഹായം ചെയ്യുന്ന വ്യാജേനേയാണ് പ്രതി വീടുകളില്‍ ആളുണ്ടോയെന്ന് പരിശോധിക്കുന്നതും മോഷണം നടത്താന്‍ തീരുമാനിക്കുന്നതും

9 Dec 2022 7:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാട്ടുകാരെ ഓടി നടന്ന് സഹായിക്കും, അതിനിടയില്‍ വീട് നോക്കി വെക്കും; ഒടുവില്‍ നന്മമരമായ കള്ളന്‍ പിടിയില്‍
X

പാലക്കാട്: മോഷണം നടന്ന് ഒരു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍. പറക്കുന്നം സ്വദേശി എം ജാഫറലിയാണ് (36) അറസ്റ്റിലായത്. ആളില്ലാത്ത തക്കം നോക്കി അയല്‍വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിവരുകയായിരുന്നു പ്രതി. നാട്ടുകാരുമായി എല്ലാ കാര്യത്തിനും സഹകരിച്ച് പ്രവര്‍ത്തിക്കുന്നയാളാണ് ജാഫര്‍ അലി. ആവശ്യസാധനം വാങ്ങാനും മരുന്നെത്തിക്കാനുമെല്ലാം മുന്നിലുണ്ടാകുന്നത് ജാഫറായിരുന്നു. സഹായം ചെയ്യുന്ന വ്യാജേനേയാണ് പ്രതി വീടുകളില്‍ ആളുണ്ടോയെന്ന് പരിശോധിക്കുന്നതും മോഷണം നടത്താന്‍ തീരുമാനിക്കുന്നതും.

പറക്കുന്നത്തെ രണ്ടു വീടുകളില്‍ നിന്നായി 50 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നതായി പൊലീസ് പറഞ്ഞു. 2021 സെപ്റ്റംബറില്‍ പറക്കുന്നം സ്വദേശി ബഷീറിന്റെ വീട്ടില്‍ നിന്നും 20 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. 2022 ഫെബ്രുവരി 12 ന് ജാഫറിന്റെ വീട്ടില്‍ നിന്ന് 30 പവനും മോഷണം പോയി. സിസിടിവികള്‍ പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്തിയില്ല. ഈ പണം കൊണ്ട് ബഷീറിന്റെ ബന്ധുവിന്റെ വീട് സമീപവാസിയായ ജാഫര്‍ അലി 27 ലക്ഷം രൂപയ്ക്ക് വാങ്ങി. തുടര്‍ന്ന് വീടിന്റെ നവീകരണവും നടത്തി.

പലചരക്ക് കടയിലെ സഹായിയായിരുന്ന ജാഫര്‍ അലി പെട്ടെന്ന് കടയുടെ മുതലാളിയായി. ഇത് പ്രതിക്ക് വിനയായി. പ്രദേശവാസികള്‍ക്ക് സംശയം തോന്നിയതോടെ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വിരലടയാളം പരിശോധിക്കുകയും പ്രതി ജാഫറലിയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസ് ചോദ്യം ചെയ്തതോടെ പ്രതി കുറ്റസമ്മതം നടത്തി. മോഷ്ടിച്ച സ്വര്‍ണം പലതവണയായി വിറ്റെന്നും ജാഫര്‍ മൊഴി നല്‍കി. കള്ളനെ പിടികൂടിയ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസിന് നാട്ടുകാര്‍ അഭിനന്ദനം അറിയിച്ചു.

STORY HIGHLIGHTS: man arrested after one year in palakkad for steal gold

Next Story