Top

മധുവിന്റെ വീട്ടിൽ ഇന്ന് മമ്മൂട്ടിയുടെ അഭിഭാഷകനെത്തും

2 Feb 2022 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മധുവിന്റെ വീട്ടിൽ ഇന്ന് മമ്മൂട്ടിയുടെ അഭിഭാഷകനെത്തും
X

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന മധുവിന്റെ കേസിൽ കുടുംബത്തെ സഹായിക്കാനായി നടൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തും. കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. സർക്കാർ തന്നെയായിരിക്കും കേസ് നടത്തുക. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനാണ് വി നന്ദകുമാർ.

കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല.

കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി മധുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചുവെന്നും രണ്ട് ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തുവെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവം നടന്ന് നാല് വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മുന്നോട്ട് വന്നത്.

നേരത്തെ കോടതി കേസ് പരി​ഗണിച്ചപ്പോൾ സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയോഗിച്ച വിടി രഘുനാഥ് കോടതിയിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ കോടതി വിമർശനം ഉന്നിയിച്ചിരുന്നു. മണ്ണാർക്കാട് എസ്സി, എസ്ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസിൽ നിന്നും ഒഴിയാൻ നേരത്തെ പ്രോസിക്യൂട്ടർ കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ തുടർച്ചയായി കോടതിയിൽ നിന്നും ഹാജരാവാതിരുന്നത്.

Next Story