'വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു'; കെപിഎസി ലളിതയ്ക്ക് ആദരവ് അർപ്പിച്ച് മമ്മൂട്ടി
മമ്മൂട്ടിയും കെപിഎസി ലളിതയും ജീവൻ നൽകിയ മതിലുകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
22 Feb 2022 9:10 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അന്തരിച്ച കെപിഎസി ലളിതയ്ക്ക് ആദരവ് അർപ്പിച്ച് നടൻ മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയും കെപിഎസി ലളിതയും ജീവൻ നൽകിയ മതിലുകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെപിഎസി ലളിതയുടെ വിയോഗത്തിന് പിന്നാലെ ഇരുവരുടെയും മതിലുകളിലെ രംഗം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിട്ടുണ്ട്.
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണെന്നും മഞ്ജു വാര്യർ അനുസ്മരിച്ചു. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട. മഞ്ജു വാര്യർ പറഞ്ഞു.
കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന കെപിഎസി ലളിത ഇന്ന് രാത്രി 11 മണിയോടെ തൃപ്പൂണിത്തറയിലെ സ്വവസതിയിലാണ് അന്തരിച്ചത്. നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 550ലേറെ സിനിമകളിൽ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.
യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതൻറെ സഹധർമ്മിണിയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.
- TAGS:
- KPAC Lalitha
- Mammootty