'ചന്തിരൂർ വരുന്നത് രണ്ടാം തവണയാണ്, വർഷം ഓർമ്മയില്ല, പ്രായമായി വരികയല്ലേ'; മമ്മൂട്ടിയെ എതിരേറ്റ് ജന്മനാട്
29 Aug 2022 6:26 AM GMT
ഫിൽമി റിപ്പോർട്ടർ

അരൂർ: ജന്മനാട്ടിൽ തിരിച്ചെത്തി മമ്മൂട്ടി. ശാന്തിഗിരി ജന്മഗൃഹ സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മമ്മൂട്ടി ജന്മനാട്ടിൽ തിരിച്ചെത്തിയത്. താൻ ചന്തിരൂരിലാണ് ജനിച്ചതെന്നും ആറ്, ഏഴ് ക്ലാസുകളിൽ ചന്തിരൂർ സ്കൂളിലാണ് പഠിച്ചതെന്നും അദ്ദേഹം ഓർത്തു. ഇത് രണ്ടാം തവണയാണ് ജന്മനാട്ടിൽ ഒരു പൊതുപരിപാടിയിൽ താൻ പങ്കെടുക്കുന്നത്. മുൻപ് ചന്തിരൂർ സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിനായിരുന്നു താൻ എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ ആറിലും ഏഴിലും ഇവിടെ ചന്തിരൂർ സ്കൂളിലാണ് പഠിച്ചത്. ഒരുപാട് സുഹൃത്തുക്കളുണ്ടിവിടെ. പലരും ഇല്ലാതെയായി, പലരെയും കണ്ടാൽ തിരിച്ചറിയാൻ കഴിയില്ല. എന്നെയും കണ്ടാൽ അവരാരും തിരിച്ചറിയില്ല. കാരണം ആറിലും ഏഴിലും പഠിക്കുമ്പോൾ ഞാൻ ഇങ്ങനെയായിരുന്നില്ല. പലർക്കും എന്നെ മനസിലാകില്ല. ഞാൻ അവരുടെ കൂടെ പഠിച്ചതാണ് എന്ന് ഓർമ്മിപ്പിക്കേണ്ടി വരും. ഇങ്ങനെയൊരു പൊതുവേദിയിൽ ചന്തിരൂർ ഞാൻ വരുന്നത് രണ്ടാം തവണയാണ്, ഇതിന് മുൻപ് വന്നത് ചന്തിരൂർ സ്കൂളിന്റെ നൂറാം വാർഷികത്തിലാണ്', മമ്മൂട്ടി പറഞ്ഞു. 'വർഷം ഓർമ്മയില്ല, പ്രായമായി വരികയല്ലേ. ചെറുതായിട്ട് ഓർമ്മക്കുറവുണ്ട്' എന്ന നടന്റെ വാക്കുകൾ സദസ്സിൽ ചിരിയുണർത്തി.
'ഏറെ ഹൃദയബന്ധമുള്ള സ്ഥലമാണ്. ഞാൻ ജനിച്ചു വീഴുന്നത് ഇവിടെയാണ്, വളർന്നത് ചെമ്പിലാണെങ്കിലും. എന്റെ ഉമ്മാന്റെ വീടിവിടെയാണ്. നമ്മുടെ ചടങ്ങുകൾ അനുസരിച്ച് പെണ്ണ് പ്രസവിക്കുന്നത് സ്വന്തം വീട്ടിലാണല്ലോ. അങ്ങനെയാണ് ഞാൻ ഇവിടെ ജനിച്ചത്. അതിപ്പോൾ ഒരു കാരണമായി നമുക്ക് എല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും അഭിമാനിക്കാൻ, എനിക്ക് നിങ്ങളെക്കുറിച്ചും എന്നേപറ്റി വേണമെങ്കിൽ കുറച്ച് നിങ്ങൾക്കും' എന്നും മമ്മൂട്ടി പറഞ്ഞു. ബാല്യത്തിൽ താൻ കൃഷിയ്ക്ക് സഹായിച്ചതും ഞാറുനട്ടതുമെല്ലാം അദ്ദേഹം ഓർമ്മിച്ചു. ഒരുമണിക്കൂറിന് മേൽ ആശ്രമത്തിൽ ചെലവിട്ട അദ്ദേഹം, ഗുരു താമസിച്ച ഗൃഹം സന്ദർശിക്കുകയും ചെയ്തു.
story highlights: mammootty came back to his birth place on aroor