മാമ്പഴത്തറ സലീം സിപിഐഎം വിട്ട് ബിജെപിയിലേക്ക്; സിപിഐഎം ജനപ്രതിനിധി കെ സുരേന്ദ്രനോടൊപ്പം
26 July 2022 4:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: ആര്യങ്കാവ് പഞ്ചായത്തിലെ സിപിഐഎം പഞ്ചായത്ത് അംഗം മാമ്പഴത്തറ സലീം വീണ്ടും ബിജെപിയിലേക്ക്. വ്യാഴാഴ്ച രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന്റെ വിജയാഘോഷ ചടങ്ങ് അരുപ്പ ഇടപ്പണ ആദിവാസി കോളനിയില്‍ ബിജെപി സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനോടൊപ്പം പങ്കെടുത്തതാണ് സലീം വീണ്ടും രാഷ്ട്രീയ മാറ്റത്തിനൊരുങ്ങുകയാണെന്ന സൂചന നല്‍കിയത്.
സലീം ബിജെപി സംസ്ഥാന കമ്മറ്റിയംഗവും കഴുതുരുട്ടി വാര്‍ഡ് അംഗവുമായിരുന്നു. പാര്‍ട്ടിയോട് ഇടഞ്ഞ് സംസ്ഥാന കമ്മറ്റിയംഗത്വവും വാര്‍ഡ് അംഗത്വവും രാജിവെച്ചിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബറില്‍ പുനലൂര്‍ ഏരിയ സമ്മേളന വേദിയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പങ്കെടുത്ത ചടങ്ങിലാണ് സലീം സിപിഐഎമ്മിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന കഴുതുരുട്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.
സിപിഐഎമ്മിനകത്ത് തന്നെ നിര്‍ത്തുവാന്‍ ചില നേതാക്കള്‍ക്ക് താല്പര്യമില്ല. എന്നാല്‍ അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുവാന്‍ താന്‍ തീരുമാനിച്ചെന്നാണ് സലീമിന്റെ പ്രതികരണം.
മേഖലയിലെ സിപിഐഎമ്മിന്റെ പ്രധാന നേതാവായിരുന്നു സലിം. ലോക്കല്‍ സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, അഞ്ചല്‍ ബ്ലോക്കംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പിന്നീട് നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആദ്യമായി ഭരണം ലഭിക്കുകയും സലീം വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി.
നാല് വര്‍ഷത്തോളം ബിജെപി നേതൃത്വത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് പഞ്ചായത്തംഗവുമായി. തോട്ടം തൊഴിലാളികളുടെ അടക്കം സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞാണ് സലീം ബിജെപിയില്‍ നിന്ന് രാജിവെച്ചത്. പിന്നീട് സിപിഐഎമ്മില്‍ ചേരുകയായിരുന്നു. വീണ്ടും വിജയിച്ചു കയറി. ഇപ്പോള്‍ വീണ്ടും ബിജെപിയിലേക്ക് മടങ്ങുന്നു.
Story Highlights: MAMBAZHATHARA SALIM MAY JOIN BJP