Top

'പരാജയം ഞാന്‍ സമ്മതിച്ചേ...'; ചിരിച്ചുകൊണ്ട് മമ്പറത്തിന്റെ പ്രതികരണം

പാര്‍ട്ടിയെ മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഭരണസമിതിയിലെ യുഡിഎഫ് പാനലിന്റെ വിജയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്

5 Dec 2021 4:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരാജയം ഞാന്‍ സമ്മതിച്ചേ...; ചിരിച്ചുകൊണ്ട് മമ്പറത്തിന്റെ പ്രതികരണം
X

കണ്ണൂര്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് നിലവിലെ പ്രസിഡണ്ട് മമ്പറം ദിവാകരന്‍. 'പരാജയം ഞാന്‍ സമ്മതിച്ചേ...'എന്നായിരുന്നു മമ്പറം ദിവാകരന്‍ തോവില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നും മമ്പറം പറഞ്ഞു. 5700 പേരുള്ള ആശുപത്രി ഭരണസമിതി മെമ്പര്‍ഷിപ്പില്‍ 1650 നോട് അടുത്ത ആളുകള്‍ മാത്രമാണ് പങ്കെടുത്തതെന്നും അനൗദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രതികരിച്ചു.

മമ്പറത്തു വന്ന് തമ്പടിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു കെപിസിസി പ്രസിഡണ്ട് കെ സുധാകരനും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറും ഡിസിസി ഭാരവാഹികളുമെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മരിക്കുവരെയുണ്ടാവുമെന്നും മമ്പറം പറഞ്ഞു.

മത്സരം നടന്ന 12 സീറ്റും നേടിയാണ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചത്. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്.

പാര്‍ട്ടിയെ മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഭരണസമിതിയിലെ യുഡിഎഫ് പാനലിന്റെ വിജയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസിനേക്കാള്‍ വലുത് താനാണെന്ന് ചിന്തിക്കുകയും വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണിതെന്നും സുധാകരന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. യുഡിഎഫ് പാനലിനെതിരെ മത്സരിച്ച് പരാജയപ്പെട്ട മമ്പറം ദിവാകരന്റെ പേര് പരാമര്‍ശിക്കാതെയാണ് സുധാകരന്റെ പരോക്ഷ വിമര്‍ശനം. ചുവര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂവെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.

ജനാധിപത്യരീതിയില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ അവിടെ കോണ്‍ഗ്രസ് വിജയിക്കുമെന്ന് തെരഞ്ഞെടുപ്പ് വിജയത്തില്‍ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പ്രതികരിച്ചു. ഇന്ദിരാഗാന്ധി സഹകരണാശുപത്രി കോണ്‍ഗ്രസ് ഭരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തീരുമാനമെടുത്തു. അത് ഡിസിസി ഏറ്റെടുത്തു നടപ്പിലാക്കിയെന്നുമായിരുന്ന മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

പാര്‍ട്ടിക്ക് വിധേയപ്പെടാത്തവര്‍ തള്ളപ്പെടുമെന്നും മുന്‍ ഭരണസമിതി പ്രസിഡണ്ട് മമ്പറം ദിവാകരനെതിരെ ഡിസിസി പരസ്യവിമര്‍ശനം ഉയര്‍ത്തി.

'ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. കള്ളത്തരങ്ങള്‍ ചെയ്ത് തോല്‍പ്പിക്കാന്‍ പലരും ശ്രമിക്കും. പാര്‍ട്ടിക്ക് വിധേയപ്പെടാത്തവര്‍ തള്ളപ്പെടും. മമ്പറം പാര്‍ട്ടിയെ ധിക്കരിച്ചു, അതോടെ പാര്‍ട്ടിക്ക് പുറത്തായി. ഇപ്പോഴിതാ പരാജയപ്പെട്ടു. പാര്‍ട്ടിക്കെതിരെ ഏത് ഉന്നതന്‍ നിന്നാലും അയാള്‍ ഒന്നുമല്ലായെന്ന് തെളിയിക്കപ്പെടുകയാണ് ഈ തെരഞ്ഞെടുപ്പ്. ' എന്നായിരുന്നു മാര്‍ട്ടിന്‍ ജോര്‍ജ്ജിന്റെ പ്രതികരണം.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച് അടുത്തിടെയാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. സഹകരാണാശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പാനലിനെതിരേ ബദല്‍ പാനലുണ്ടാക്കിയെന്നായിരുന്നു മമ്പറത്തിനെതിരേയുള്ള ആരോപണം.



Next Story

Popular Stories