'കെഎസ് ബ്രിഗേഡ് കള്ളകാര്ഡുകള് തിരുകി കയറ്റി, തല്ലിയപ്പോള്‍ മറ്റൊരു കസേരയെടുത്ത് തടുത്തു'; ആക്രമണം വിവരിച്ച് മമ്പറം ദിവാകരന്
ഡിസംബര്‍ അഞ്ചാം തിയ്യതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാന്‍ ചെന്നപ്പോഴാണ് അതേ അഞ്ചംഗ സംഘം തന്നെ മര്‍ദിച്ചതെന്നും മമ്പറം
2 Dec 2021 4:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെസിപിസി പ്രസിഡണ്ട് കെ സുധാകരന് ഇടപെട്ട് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് പാര്‍ട്ടി അച്ചടക്കനടപടി നേരിടുന്ന മമ്പറം ദിവാകരന്. അഞ്ചംഗ സംഘം കള്ളകാര്ഡുകള് തിരുകി കയറ്റിയെന്നും ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തടയാനായില്ലെന്നും മമ്പറം റിപ്പോര്‍ട്ടര്‍ ടിവി മോണിംഗ് റിപ്പോര്‍ട്ടറിലൂടെ പ്രതികരിച്ചു. ഡിസംബര്‍ അഞ്ചാം തിയ്യതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാന്‍ ചെന്നപ്പോഴാണ് അതേ അഞ്ചംഗ സംഘം തന്നെ മര്‍ദിച്ചതെന്നും മമ്പറം പറയുന്നു.
'ഞാന്‍ സുഖമില്ലാതെ കിടക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടതിനാല്‍ പുതിയത് വാങ്ങാന്‍ പോയതാണ്. രാവിലെ മുതല്‍ അഞ്ചംഗ സംഘം അവിടെയെത്തി കള്ളകാര്ഡുകള് തിരികി കയറ്റുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അഞ്ച് പ്രദേശങ്ങളിലുള്ളവരാണ് അവര്‍. അത് ജീവക്കാരും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തടയാന്‍ ആയില്ല. ഞാന്‍ അവിടെ എത്തിയതോടെ അവര്‍ എന്നെ തടഞ്ഞു. ഭീഷണിപ്പെടുത്തുകയും വാക്കതര്ക്കവും ഉണ്ടായി. തുടര്‍ന്ന് കസേരയെടുത്ത് അടിക്കുകയായിരുന്നു. വേറൊരു കസേര എടുത്ത് തടുക്കാന്‍ നോക്കിയെങ്കിലും എന്റെ കൈക്ക് പരിക്കേറ്റു.' മമ്പറം പറഞ്ഞു. മമ്പറം ദിവാകരനെതിരായ ആക്രമണത്തില്‍ ഇതിനകം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കെപിസിസി പ്രസിഡണ്ട് നേരിട്ടെത്തി ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മമ്പറം കൂട്ടിചേര്‍ത്തു. കള്ളകാര്ഡ് അടിക്കുമ്പോള്‍ തനിക്ക് സിപിഐഎമ്മിനെയോ ബിജെപിയെയോ കൂട്ടുപിടിക്കാം. എന്നാല്‍ ഒരു കോണ്‍ഗ്രസുകാരനായതിനാല്‍ അത് ചെയ്യില്ലെന്നും മമ്പറം പറഞ്ഞു.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പിന്നാലെ കെഎസ് ബ്രിഗേഡിനെതിരെ മമ്പറം ദിവാകരന് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ പ്രതികരിച്ചാല്‍ ഭാര്യയെയും മകളെയും കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുമെന്ന് കെഎസ് ബ്രിഗേഡ് അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നാണ് മമ്പറം ദിവാകരന് ഉയര്‍ത്തിയ ആരോപണം. കെഎസ് ബ്രിഗേഡില്‍ 15 പേരുണ്ടെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം അര്‍ധരാത്രി ഫോണിലേക്ക് ഭീഷണി സന്ദേശം വന്നതെന്നും ഇത്തരം നെറിക്കെട്ട രാഷ്ട്രീയക്കാര്‍ കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിക്ക് ഒരുകാലത്തും നിലനില്ക്കാന് സാധിക്കില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലൂടെ മമ്പറം പ്രതികരിച്ചിരുന്നു.