പ്രചരണത്തിനായി മല്ലികാർജുൻ ഖാർഗെ ഇന്ന് ഗുജറാത്തിൽ; ഒപ്പം രമേശ് ചെന്നിത്തലയും
7 Oct 2022 1:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ഇന്ന് അഹമ്മദാബാദിൽ നിന്നും പ്രചാരണം ആരംഭിക്കും. അഹമ്മദാബാദിലെ സബർമതി ആശ്രമവും ഗുജറാത്ത് കോൺഗ്രസിന്റെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസും അദ്ദേഹം സന്ദർശിക്കും. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാർഗെയ്ക്കൊപ്പം പ്രചാരണത്തിന് രമേശ് ചെന്നിത്തലയും എത്തും.
അതേസമയം എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കെ സുധാകരൻ നിലപാട് തിരുത്തിയതിൽ സന്തോഷമെന്ന് ശശി തരൂർ പറഞ്ഞു. കേരള പര്യടനത്തിൽ നിരാശയില്ലെന്നും ഖാർഗെയ്ക്കായി പ്രചാരണം നടത്തുന്ന ചെന്നിത്തല പാർട്ടി ഭാരവാഹിയല്ലെന്നും ശശി തരൂർ പ്രതികരിച്ചു. തമിഴ്നാട് പിസിസി ആസ്ഥാനത്ത് പ്രതിനിധികളെ കാണാനെത്തിയപ്പോഴായിരുന്നു തരൂരിൻറെ പ്രതികരണം.
മല്ലികാർജ്ജുൻ ഖാർഗെ ശത്രുവല്ലെന്നും ആദരണീയനായ മുതിർന്ന നേതാവുമായുളള മത്സരമാണിതെന്നും ശശി തരൂർ പറഞ്ഞു. ബിജെപിയെ എങ്ങനെ എതിർക്കണം എന്നതിലെ വ്യത്യസ്ഥ നിലപാടുകൾ തമ്മിലുള്ള സൗഹൃദമത്സരമാണ് നടക്കുന്നത്. മണ്ഡല തലത്തിൽ പോലും കാലങ്ങളായി നേതൃത്വത്തിൽ തുടരുന്നവർ സ്വന്തം സംസ്ഥാനമായ കേരളത്തിൽ പോലുമുണ്ട്. നേതൃതലത്തിലെ പിന്തുണ തനിക്ക് കുറവാണെന്നത് അംഗീകരിക്കുന്നുവെന്നും പ്രവർത്തകർക്കിടയിൽ കിട്ടുന്ന സ്വീകാര്യതയിൽ സന്തോഷമെന്നും തരൂർ പറഞ്ഞു.
മുൻ ജാർഖണ്ഡ് മന്ത്രി കെ എൻ ത്രിപാഠിയുടെ നാമനിർദേശപത്രിക തള്ളിയതോടെയാണ് തെരഞ്ഞെടുപ്പ് ഖാർഗെയും തരൂരും തമ്മിലായത്. ഉദയ്പൂർ സമ്മേളനത്തിന്റെ നയത്തിന് അനുസൃതമായി രാജ്യസഭാ പ്രതിപക്ഷ സ്ഥാനം ഖാർഗെ രാജിവെച്ചിരുന്നു. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ് നടക്കുക. 19ന് ഫലം പ്രഖ്യാപിക്കും.
STORY HIGHLIGHTS: Mallikarjun Kharge arrives in Gujarat for congress chief polls campaign