Top

'അയാള്‍ മോശമെങ്കില്‍ വീണ്ടും എന്തിന് പോയി?'; വിജയ് ബാബുവിനെതിരായ പരാതി സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരന്‍

15 May 2022 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അയാള്‍ മോശമെങ്കില്‍ വീണ്ടും എന്തിന് പോയി?; വിജയ് ബാബുവിനെതിരായ പരാതി സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരന്‍
X

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിക്കെതിരെ മല്ലിക സുകുമാരന്‍. ഒന്നിലേറെ തവണ പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസനീയമല്ല. വിജയ് ബാബു അത്തരക്കാരനാണെന്ന് മനസ്സിലായിട്ടും എന്തിന് അവിടേക്ക് പോയെന്ന് മല്ലിക സുകുമാരന്‍ ചോദിച്ചു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

ഇങ്ങനെയൊരാളുടെ അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടാവുമ്പോള്‍ അച്ഛനെയോ ചേട്ടനെയോ അല്ലെങ്കില്‍ ബന്ധുക്കളെയോ അറിയിക്കേണ്ടേ. എന്തൊക്കെ വഴികള്‍ ഈ നാട്ടിലുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെ പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ പറയുന്നു 19 പ്രാവിശ്യം പീഡിപ്പിച്ചെന്ന്. ആണിന് എതിരെ ആണെങ്കിലും പെണ്ണിന് എതിരെ ആണെങ്കിലും പറയുമ്പോള്‍ തക്കതായ കാരണം വേണമെന്നും മല്ലിക സുകുമാരന്‍ അഭിപ്രായപ്പെട്ടു.

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെയും മല്ലിക സുകുമാരന്‍ പരാമര്‍ശം നടത്തി. പെണ്ണുങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. സൂര്യനെല്ലി കേസില്‍ 149 പീഡനം നടന്നു എന്ന് പറഞ്ഞപ്പോള് ഒരു ചാനലില്‍ ഞാന്‍ ചോദിച്ചു 149 പീഡനം എങ്ങനെയാണ് പീഡനമാവുന്നതെന്ന്. ഒന്നോ രണ്ടോ ഒക്കെ സംഭവിച്ചു. ബാക്കി എങ്ങനെ പീഡനമാവും എന്ന് ചോദിച്ചതിന് താന്‍ സ്ത്രീവിദ്വേഷിയാണ് എന്ന് പറഞ്ഞവരുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

അതേസമയം ലൈംഗീക പീഡനക്കേസില്‍ വിജയ് ബാബുവിനെ പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ യുഎഇയില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ല. വിജയ് ബാബുവിന്റെ യുഎഇയിലെ മേല്‍ വിലാസം കിട്ടിയാല്‍ മാത്രമേ അടുത്ത പടിയായ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനാവൂ. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ വിജയ് ബാബുവിനെ നാട്ടിലേക്ക് കയറ്റി അയക്കാന്‍ യുഎഇ പൊലീസ് നിര്‍ബന്ധിതരാവും.

Story Highlight: Mallika Sukumaran defends Vijay Babu sexual harassment case

Next Story