Top

'ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കുന്നത് ഉചിതം'; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കേണ്ടെന്ന് മല്ലിക സാരാഭായ്

''കലാകാരന്‍മാരും വിദ്യാഭ്യസ വിദഗ്ദരും ചാന്‍സലറാകുന്നത് ഗുണം ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.''

7 Dec 2022 11:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കുന്നത് ഉചിതം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കേണ്ടെന്ന് മല്ലിക സാരാഭായ്
X

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നത് ഉചിതമാണെന്ന് മല്ലിക സാരാഭായ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കേണ്ട. കലാകാരന്‍മാരും വിദ്യാഭ്യസ വിദഗ്ദരും ചാന്‍സലറാകുന്നത് ഗുണം ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കലാമണ്ഡലത്തെ കുറിച്ച് വള്ളത്തോളിനുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും മല്ലിക സാരാഭായ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇത് പോലെ നിര്‍ണായകമായ ബില്ല് കൊണ്ടുവരുമ്പോള്‍ പ്രതിപക്ഷത്തോട് കൂടിയാലോചിക്കണം. തട്ടി കൂട്ടിയ ബില്ല് അല്ലാതെ കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന് ഗുണപരമായ ബില്ല് കൊണ്ടുവരണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ സര്‍വകലാശാല ചാന്‍സലര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി. ചാന്‍സലര്‍ പിള്ളേര് കളിക്കുന്നുവെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേരളാ സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ചാന്‍സലറായ ഗവര്‍ണര്‍ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളാണ് കോടതിയെ സമീപിച്ചത്.

സെനറ്റ് അംഗങ്ങള്‍ക്കെതിരെയും കോടതി വിമര്‍ശനം നടത്തി. ചാന്‍സലറുടെ തീരുമാനത്തെ എങ്ങനെയാണ് ചോദ്യം ചെയ്യാനാവുകയെന്ന് അംഗങ്ങളോട് കോടതി ആരാഞ്ഞു. ചാന്‍സലറാണ് സെനറ്റ് അംഗങ്ങളെ നിയമിച്ചത്. ചാന്‍സലറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ രാജിവയ്ക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. സെനറ്റ് അംഗങ്ങളിലുള്ള പ്രീതി നഷ്ടപ്പെട്ടത് കൊണ്ടാണ് അവരെ നീക്കിയതെന്നായിരുന്നു ഗവര്‍ണറുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിനെതിരെയും കോടതി വിമര്‍ശനം നടത്തി. പ്രീതി വ്യക്തിപരമല്ലെന്ന് കോടതി വ്യക്തമാക്കി.

Next Story