Top

'ഇവർ തരുന്ന കരുതലിൽ ഞങ്ങൾ സുരക്ഷിതർ'; സംഘപരിവാർ വിദ്വേഷ പ്രചരണത്തിനെതിരെ ഖത്തറിലെ മലയാളി നഴ്സ്

4 May 2022 5:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇവർ തരുന്ന കരുതലിൽ ഞങ്ങൾ സുരക്ഷിതർ; സംഘപരിവാർ വിദ്വേഷ പ്രചരണത്തിനെതിരെ ഖത്തറിലെ മലയാളി നഴ്സ്
X

ഹിന്ദു മഹാസമ്മേളനത്തില്‍ നഴ്‌സിംഗ് സമൂഹത്തിന് നേരെ വിദ്വേഷ പ്രചരണം നടത്തിയ മലയാളം മിഷൻ ഖത്തർ കോർഡിനേറ്റർ ദുർഗ്ഗാദാസ് ശശിപാലനെതിരെ പ്രതിഷേധവുമായി ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ്. നഴ്‌സിംഗ് മേഖലയിലുള്ളവരെയാകെ അപമാനിക്കുന്ന പ്രസ്താവനയാണ് ശശിപാലന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ആര്‍ക്കും കയറി മേയാന്‍ പറ്റുന്നവരല്ല നഴ്‌സിംഗ് സമൂഹമെന്നും 12 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന സ്മിത ദീപു ഫേസ്ബുക്കില്‍ കുറിച്ചു.

ഗൾഫ്‌ നാടുകളിൽ വ്യാപക മതപരിവർത്തനം നടക്കുന്നുണ്ടെന്നും നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരിൽ പെൺകുട്ടികളെ കൊണ്ടുവരുന്നത് തീവ്രവാദികൾക്ക് ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് എന്നുമായിരുന്നു ദുർ​ഗാ ദാസ് ശശിപാലന്റെ ആരോപണം. മുസ്ലിം സംഘടനകളെയും ഇയാൾ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഖത്തറിലെ മലയാളി നഴ്സ് രം​ഗത്തെത്തിയിരിക്കുന്നത്. ‌

സ്മിത ദീപുവിന്റെ കുറിപ്പ്,

'ഖത്തറിലെ ഒരു അംഗീകൃത നഴ്സിംഗ് സംഘടനയുടെ ഭാരവാഹിയാണ് ഞാൻ. ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് സമൂഹത്തിൽ ഇറങ്ങി ചെന്ന ഒരു നഴ്സിംഗ് സംഘടനയുടെ ഭാരവാഹി.12 വർഷം ആയി ഖത്തർ എന്നാ മഹാരാജ്യത്ത് നഴ്സിംഗ് ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അതും ഇന്ത്യയിലെ അംഗീകൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജൻസിയിൽ കൂടി. ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാൾ ഒരുപിടി സ്നേഹം കൂടതൽ എനിക്ക് ഖത്തർ എന്ന എന്റെ പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷ കവചത്തിൽ ഉള്ള വിശ്വാസം കൊണ്ടാണ് ആണ്. നഴ്സിംഗ് സമൂഹത്തിനു ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവർ തരുന്ന കരുതലിൽ ഞങ്ങൾ സുരക്ഷിതർ ആണ് എന്നുറപ്പ് ഉള്ളത് കൊണ്ടാണ്.

അങ്ങനെ ഉള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെ ആണ് ഇത്രയും വൃത്തികെട്ട പരാമർശം നടത്തി താങ്കൾ അപമാനിച്ചേക്കുന്നത്. ഒരു ശതമാനം പോലും ക്ഷമിക്കാൻ സാധിക്കില്ല. അത്രയും വൃത്തികെട്ട മനസാണ് താങ്കൾക്ക്.താങ്കൾ എന്താണ് വിചാരിച്ചത്? ആർക്കും കേറി മേയാൻ പറ്റിയ ഒരു സമൂഹം ആണ് നഴ്സിംഗ് മേഖല എന്നാണോ? എന്തും വിളിച്ചു പറഞ്ഞു അപമാനിക്കാൻ കഴിയും എന്നാണോ താങ്കൾ വിചാരിച്ചിരിക്കുന്നത്?

വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന ഉള്ള ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാൾ ആണ്. ഞങ്ങൾ ഒരു ഒറ്റു ലക്ഷ്യം ഉള്ളൂ ഞങ്ങളുടെ മുൻപിൽ വരുന്ന ജീവൻ രക്ഷിക്കുക,സമൂഹത്തിനു വേണ്ടി ഞങ്ങളാൽ കഴിയുന്ന നന്മകൾ ചെയ്യുക,അതാണ് ഞങ്ങളുടെ കർത്തവ്യം.ഒരു രോഗി ബോധം നശിച്ചു മുൻപിൽ വരുമ്പോൾ,മൂക്കു ചുളിക്കാതെ, കണ്ണ് മിഴിക്കാതെ അവരുടെ വിസര്‍ജ്യങ്ങള്‍ അളന്നു കുറിച്ച്,അവരുടെ സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന,അവരുടെ ജീവന് കാവൽ നിൽക്കുന്ന, പവിത്രമായ ഒരു ജോബിനെയാണ് താങ്കൾ അപമാനിച്ചിരിക്കുന്നത്. ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത? ഇതിനു താങ്കൾ മറുപടി പറഞ്ഞേപറ്റൂ.

ഞങ്ങളുടെ മുൻപിൽ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കൾക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ ഒന്നോർക്കുക അന്നും ഞങ്ങൾ നിറമനസോടെ വെള്ളം ഇറ്റിച്ചു തരും താങ്കളുടെ ചുണ്ടുകളിലേക്ക്. കാരണം ഞങ്ങൾ നഴ്സിംഗ് എന്ന ജോലിയോട് പൂർണമായും കൂറ് പുലർത്തുന്നവർ ആണ്. സർവീസ് oriented ആണ് ഞങ്ങളുടെ പ്രൊഫഷൻ. ഇത്രയും വലിയ മഹാമാരി വന്നു ലോകം മൊത്തം കുലുക്കിയിട്ടും നിങ്ങളെ പോലുള്ള വിഷ ജന്തുക്കൾ ഇനിയും. ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് അത്ഭുതം,' സ്മിത ദീപു. ഖത്തർ.

story highlight: Malayali nurse against durgadas sashipalan's comment on malayali nurses

Next Story