ഏഴ് കോടിയുടെ മയക്കുമരുന്ന്; ടാറ്റൂ ആര്‍ടിസ്റ്റായ യുവതിയും സംഘവും പിടിയില്‍
ബിടിഎം ലേഔട്ടിലെ അരകെരെയില്‍ വെച്ച് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രമിനെ പിടികൂടിയിരുന്നു.
9 March 2022 5:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഏഴ് കോടിയുടെ മയക്കുമരുന്നുമായി ടാറ്റൂ ആര്‍ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പെടെ മൂന്ന് പേര് ബംഗ്ളൂരുവില്‍ പിടിയില്‍. ഏഴ് കോടിയിലധികം വരുന്ന 12 കിലോയുടെ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ബംഗ്ളൂരുവിലെ കൊത്തന്നൂരില് താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്ണുപ്രിയ (22), സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി സിജില്‍ വര്‍ഗീസ് (23), മടിവാള സ്വദേശി എം വിക്രം എന്ന വിക്കി എന്നിവരെയാണ് ഹുളിക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബിടിഎം ലേഔട്ടിലെ അരകെരെയില്‍ വെച്ച് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രമിനെ പിടികൂടിയിരുന്നു. വിഷ്ണു പ്രിയയും സിജില്‍ വര്‍ഗീസുമാണ് ഹാഷിഷ് ഓയില്‍ നല്‍കിയതെന്ന വിക്രമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും താമസിക്കുന്ന സ്ഥലത്ത് പൊലീസ് റെയിഡ് നടത്തിയതോടെയാണ് കോടികളുടെ ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.
ബിബിഎ പൂര്‍ത്തിയാക്കിയ സിജില്‍ വര്‍ഗീസും വിഷ്ണുവും നഗരത്തില്‍ ഒരു വാടകവീട്ടിലാണ് താമസിച്ചത്. കുറച്ച് കാലം സ്വകാര്യകമ്പനിയില്‍ ജോലി ചെയ്ത ഇരുവരും പിന്നീട് ഫ്രീലാന്‍സായി ടാറ്റൂ ആര്‍ട്സിലേക്ക് കടക്കുകയായിരുന്നു.
വിശാഖപട്ടണത്ത് നിന്നാണ് ഹാഷീഷ് ഓയില്‍ എത്തിച്ചിരുന്നത്. ഇവ കുറഞ്ഞ അളവില്‍ വിക്രമിന് കൈമാറും. 2020 മുതലാണ് വിഷ്ണു പ്രിയയും സിജില്‍ വര്‍ഗീസും മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്നാണ് പൊലീസ് നിഗമനം.